സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് കേരള സര്‍ക്കാര്‍. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഈ മാസം 9നാണ് ഉത്തരവ് വരിക.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് മഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ചാനലിനെതിരെ പോലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിര ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News