തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനും കൈമാറിയത്. ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.
ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്.ആർ.എ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.
വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.
കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണം എന്ന ശുപാർശയും ശമ്പള പരിഷ്കരണ കമ്മീഷൻ നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും ധനവകുപ്പിൻ്റേയും മന്ത്രിസഭയുടേയും തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷൻ്റെ ശുപാർശകൾ സർക്കാർ നടപ്പാക്കുക.