വായ് പൊത്തിപ്പിടിച്ച് രണ്ടു പേരുടെയും വസ്ത്രം അഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് വിശ്വസിക്കാനാവില്ല! ബലാത്സംഗ കേസ് പ്രതിയെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി
മുംബൈ: ബലാത്സംഗ കേസിലെ ഇരയുടെ വായ് പൊത്തിപ്പിടിക്കലും വസ്ത്രം അഴിക്കലും ഒരൊറ്റയാള്‍ പിടിവലിയൊന്നുമില്ലാതെ ചെയതെന്നു വിശ്വസിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ച് വിധി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറില്‍ വസ്ത്രം മാറ്റാതെ തൊടുന്നത് പോക്സോ നിയമ പ്രകാരം ലൈംഗിക കുറ്റമല്ലെന്ന ജസ്റ്റിസ് ഗനേഡിവാലയുടെ വിധി അടുത്തിടെ വിവാദമായിരുന്നു.
ഒരാള്‍ പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് രണ്ടു പേരുടെയും വസ്ത്രം അഴിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് വിശ്വസിക്കാവുന്ന കാര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാതൊരു പിടിവലിയും നടന്നിട്ടില്ലെന്നാണ് തെളിവുകളില്‍ നിന്നു ബോധ്യമാവുന്നത്. മെഡിക്കല്‍ തെളിവും ഇതു ശരിവയ്ക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ മകളെ ബലാത്സംഗം ചെയതെന്ന അമ്മയുടെ പരാതിയില്‍ പ്രതിയെ വിചാരണക്കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരായ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്.
രാത്രി ഒന്‍പതരയോടെയാണ് സംഭവം എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താന്‍ കട്ടിലിലും സഹോദരന്‍ താഴെയും കിടന്ന് ഉറങ്ങുകയായിരുന്നു. അമ്മ പ്രാഥമിക ആവശ്യം നിര്‍വഹിക്കാനായി പുറത്തുപോയ സമയത്ത് അയല്‍വാസിയായ പ്രതി വീട്ടില്‍ കയറിവന്നു. തന്റെ വായ് പൊത്തിപ്പിടിച്ച് വസ്ത്രങ്ങള്‍ ഊരിമാറ്റി. അയാളും വിവസ്ത്രനായി. ഇതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നെ അയാള്‍ വസ്ത്രങ്ങളുമെടുത്ത് പുറത്തേക്ക് ഓടി. ഇതിനിടെ അമ്മ തിരിച്ചുവന്നു. അമ്മയോട് വിവരം പറഞ്ഞെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
ഇത് അവിശ്വസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക പീഡന കേസുകളില്‍ ഇരയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി വിധി പറയാം. എന്നാല്‍ അതിനു വിശ്വസനീയത വേണമെന്ന കോടതി ചൂണ്ടിക്കാട്ടി. അമ്മ കണ്ടില്ലായിരുന്നെങ്കില്‍ പരാതി പറയുമായിരുന്നില്ലെന്ന പെണ്‍കുട്ടി ക്രോസ് വിസ്താരത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു.