തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുന്നു. റിലേ നിരാഹാര സത്യാഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ഇതര ഡ്യൂട്ടി തല്‍ക്കാലം ബഹിഷ്‌കരണം ബാധകമല്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്.
നഴ്‌സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. ഭരണാനുകൂല സംഘടയായ കെജിഒഎയും പ്രതിഷേധത്തില്‍ അണിചേരും. രാവിലെ 9 മണിക്ക് ഡിഎംഇ ഓഫീസിന് മുന്നില്‍ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ.അരുണ,ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെ.വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
സസ്‌പെന്‍ഷന് പിന്നാലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒന്നിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി എടുക്കാത്ത സര്‍ക്കാര്‍ ആണ് ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.