പാലക്കാട്: ‘ഇവിടെ ഇതിനുള്ള സൗകര്യമില്ല, മറ്റെവിടേക്കെങ്കിലും കൊണ്ടുപോകൂ’ എന്ന് പറഞ്ഞയക്കുന്ന ഡോക്ടര്‍മാരെ ഒരുപാട് തവണ കണ്ടിട്ടുണ്ടാകും. എന്നാല്‍ അതേ രോഗിക്കൊപ്പം അടുത്ത ആശുപത്രി തേടിയിറങ്ങുന്ന ഡോക്ടര്‍മാരെന്നത് ഒരു അപൂര്‍വ്വ കാഴ്ചയാണ്. രക്തസമ്മര്‍ദം താഴ്ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്കൊപ്പം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും അനസ്‌തെറ്റിസ്റ്റും സ്വകാര്യ ആശുപത്രിയിലെ ലേബര്‍ റൂമിലും കൂട്ടായി എത്തി.
ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍ ശ്രീജയും അനസ്‌തെറ്റിസ്റ്റ് ഡോ. ജയമിനിയുമാണ് 27കാരിയായ സന്ധ്യയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയത്. സന്ധ്യയെ ജനുവരി 10നു രാവിലെയാണു രണ്ടാമത്തെ പ്രസവത്തിനായി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രിയോടെ അമിതരക്തസ്രാവം ഉണ്ടാവുകയും രക്തസമ്മര്‍ദം താഴ്ന്നു ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നവീകരണം നടക്കുന്നതിനാല്‍ സൗകര്യക്കുറവുണ്ടായിരുന്നു.
ഈ സമയത്ത് വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍ തീരുമാനിച്ചു.രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടതിനാല്‍ ആംബുലന്‍സില്‍ സന്ധ്യയ്ക്കും ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരും കയറി. ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നതിനാല്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴും ഡോക്ടര്‍മാരും നഴ്‌സുമാരും അവരെ അനുഗമിച്ചു. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി രാത്രി 12.20നു സ്വകാര്യ ആശുപത്രിയില്‍ സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.