കൊച്ചി: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന ചോദ്യത്തിന് മാജിക്കിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മരണം വരെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. മാജിക് അവസാനിപ്പിക്കുന്നു എന്നുപറഞ്ഞാല്‍ ഇനി ഒരു മാജിക്ക് പോലും ചെയ്യില്ലെന്നല്ല അര്‍ത്ഥമെന്നും എന്നാല്‍, പ്രൊഫഷണല്‍ ഷോ ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാജിക് ഷോ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണല്‍ ഷോകള്‍ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂര്‍ണമായി നിര്‍ത്തുകയാണ്. എന്ററെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കണം എന്നാണ്. അവര്‍ക്ക് വേണ്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കില്‍ സെന്റര്‍ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സിഗ്‌നേച്ചര്‍ എന്ന അഭിമുഖ പരിപാടിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഏഴാമത്തെ വയസിലാണ് മാജിക് പഠിക്കുന്നത്. പത്താമത്തെ വയസില്‍ ആദ്യ ഷോ നടത്തി. 45 വര്‍ഷത്തോളം പ്രൊഫഷണല്‍ മാജിക് ഷോ നടത്തി. അതിന് വേണ്ടി നിരന്തരം ഗവേഷണം നടത്തി. വിദേശത്ത് പോയപ്പോഴും മറ്റും പ്രൊഫഷണല്‍ മാജിക് ഷോയ്ക്ക് വേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ലൈറ്റും സൗണ്ടുമെല്ലാം നാല് വര്‍ഷമായി പൊടിപിടിച്ച് കിടക്കുകയാണ്.
ഇങ്ങിനെയൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രൊഫഷണല്‍ മാജിക് ഷോയേക്കാള്‍ ജീവിതത്തിന് അര്‍ത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തില്‍ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാന്‍ പറ്റാത്ത അവര്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്നം കാണണം,’- മുതുകാട് പറഞ്ഞു.
മുതുകാട് സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റില്‍ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെകെ ശൈലജയുടെ കൂടി സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഗോപിനാഥ് മുതുകാട് ഏറ്റെടുത്തത്. പിന്നീടിത് വലിയ തോതില്‍ ജനങ്ങളുടെ പ്രശംസ നേടുകയും വന്‍ വിജയമാവുകയും ചെയ്തു. കൊവിഡ് വ്യാപനം കൂടി വന്നതോടെ മാജിക് ഷോകള്‍ക്ക് താത്കാലിക ഇടവേളയുണ്ടായി. നാല് വര്‍ഷമായി ഈ രംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മജീഷ്യന്മാരില്‍ തന്നെ ഏറ്റവും പ്രാഗത്ഭ്യം നേടിയ ഗോപിനാഥ് മുതുകാട് അന്തര്‍ദേശീയ തലത്തില്‍ കീര്‍ത്തിനേടിയ മജീഷ്യനുമാണ്. ലോകത്തെമ്പാടും നിരവധി വേദികളില്‍ അദ്ദേഹം മായാജാലത്തിന്റെ വിരുന്നൊരുക്കി കാണികളെ വിസ്മയിപ്പിച്ചു. ആര്‍ക്കും മാജിക് പഠിക്കാനാവുമെന്ന നിലയില്‍ മാജികിന്റെ പ്രചാരകനുമായി. കേരളത്തിലെ ഏറ്റവും ജനകീയനായ ഇന്ദ്രജാലക്കാരന്‍ കൂടിയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്.