പ്ലേ സ്റ്റോറില്‍ നിന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും ലോൺ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ് എന്നിവ അടിസ്ഥാനമാക്കി അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ അവലോകനം ചെയ്തിരുന്നു. തുടര്‍ന്ന് ചില അപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ നോട്ടീസും നല്‍കിയിരുന്നു.
‘ഉപയോക്താക്കളും സര്‍ക്കാര്‍ ഏജന്‍സികളും സമര്‍പ്പിച്ച നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അടിസ്ഥാനമാക്കി ഇന്ത്യയിലെ നൂറുകണക്കിന് വ്യക്തിഗത വായ്പ ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ അവലോകനം ചെയ്തു. ഞങ്ങളുടെ ഉപയോക്തൃ സുരക്ഷാ നയങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉടനടി നീക്കംചെയ്തു. അങ്ങനെ ചെയ്യാത്ത അപ്ലിക്കേഷനുകള്‍ ഇനി ഒരു അറിയിപ്പ് നല്‍കാതെ തന്നെ തന്നെ നീക്കംചെയ്യപ്പെടും, ‘ ഗൂഗിളിന്റെ പ്രോഡക്റ്റ്, ആന്‍ഡ്രോയിഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് സുസെയ്ന്‍ ഫ്രേ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഇത് കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിയമപാലകരെ സഹായിക്കുന്നത് തുടരുമെന്നും സുസെയ്ന്‍ ഫ്രേ പറഞ്ഞു. തല്‍ക്ഷണ വായ്പാ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒരു ചൈനീസ് പൗരനെയും ഒരു ഇന്ത്യക്കാരനെയും താനെയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ നീക്കം.