മലപ്പുറം: കേരളത്തിന് രണ്ടാമത് അനുവദിച്ച വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയിലെ തിരൂർ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ. പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ്.
പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു എന്ന വലിയ തലക്കട്ടോടെ കൂടിയാണ് എംപി
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ
റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും ഇടി മുഹമ്മദ് ബഷീർ എംപി നേരിൽകണ്ട് സംസാരിച്ചിരുന്നു.
തുടർന്നാണ് റെയിൽവേയുടെ നടപടി.
കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഈ വരുന്ന 24 ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെയാണ് ട്രെയിനിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശേഷം ട്രെയിൻ വൈകിട്ട് 3.42 ന് തിരൂരിലെത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ, ആദ്യ വന്ദേ ഭാരത് ട്രെയിൻ മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരുന്നു.
ഈ പ്രതിഷേധം നിലവിൽ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് കേരളത്തിന് രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ കൂടി എത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് പുതിയ ഈ ട്രെയിൻ സർവീസ് നടത്തുക. എന്നാൽ, ഇതിലും മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.തുടർന്ന്, സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. എന്തുകൊണ്ടാണ് മലപ്പുറത്തെ ഇത്തരത്തിൽ കേന്ദ്രം അവഗണിക്കുന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു.
ശേഷം സംഭവത്തിൽ ശക്തമായ സമര പരിപാടികൾ നടത്താനും വിവിധ രാഷ്ട്രീയ സംഘടനകളും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീർ എംപി അറിയിച്ചത്.
നിലവിൽ കേരളത്തിൽ ഏറ്റവും വേഗതയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിൽ മലപ്പുറം ജില്ലക്കാർക്ക് യാത്ര ചെയ്യാൻ നിലവിൽ ഷൊർണൂർ അല്ലെങ്കിൽ കോഴിക്കോട് പോയി വേണം കയറാൻ. ഇത് ജില്ലയിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടായിരുന്നു നേരിട്ടിരുന്നത്. എന്നാൽ, തിരൂരിൽ പുതിയ ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചതോടെ ഇനി മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഇനിമുതൽ അതിവേഗ സർവീസായ റെയിൽവേയുടെ വന്ദേഭാരത് എക്സ്പ്രസ്സിനെ ആശ്രയിക്കാം.
ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ള എട്ടു കോച്ചുകളുള്ള ട്രെയിൻ ആണ് കേരളത്തിൽ രണ്ടാമതായി എത്തിയത്. ട്രെയിനിന്‍റെ ആദ്യ ട്രയൽ റൺ ഇന്നലെ നടന്നിരുന്നു.നിലവിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ട്രയൽ റൺ പുരോഗമിക്കുകയാണ്. ഈ വരുന്ന 26 മുതലായിരിക്കും ഈ ട്രെയിൻ സർവീസ് ആരംഭിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ, ആദ്യ വന്ദേ ഭാരത ട്രെയിനിന് നിലവിൽ തിരൂരിൽ സ്റ്റോപ്പ് ഇതുവരെ അനുവദിച്ചിട്ടില്ല. അതിനായുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.