തിരുവനന്തപുരം: സംസ്ഥാനത്തൂടെ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളും യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ഇരു ട്രെയിനുകളിലും പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഇതിനിടെ മറ്റ് യാത്ര ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറച്ചത് യാത്രക്കാരിൽ നിന്ന് എതിർപ്പിന് കാരണമായി.
വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ സ്റ്റേഷനിലും യാത്രയ്ക്കിടെയിലും പിടിച്ചിടുന്നതിനൊപ്പമാണ് കോച്ചുകളുടെ എണ്ണം കുറച്ചത്. ഇതോടെ യാത്രക്കാരുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്തൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് അധിക കോച്ചുകൾ റെയിൽവേ അനുവദിച്ചു.
തിരക്ക് വർധിച്ച സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം. 2024 ജനുവരി 24 മുതൽ ജനുവരി 28വരെ മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് അധികമായി എസി 3ടയർ കോച്ച് താത്ക്കാലികമായി നൽകും.
ജനുവരി 25 മുതൽ 29വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിനും ജനുവരിയിൽ ഒരു അധിക കോച്ച് നൽകും. എസി 3ടയർ കോച്ചാണ് താത്ക്കാലികമായി നൽകുകയെന്ന് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അറിയിച്ചു. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാരിൽ നിന്ന് ശക്തമായി തുടരുമെന്ന കാര്യത്തിൽ സംശയമില്ല.