ഹമാസിന്റെ തിരിച്ചടി;ഗാസയില്‍ 24 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഗാസ സിറ്റി: പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടി. യുദ്ധം തുടങ്ങി 100 ദിവസം പിന്നിട്ട വേളയിലാണ് ശക്തമായ തിരിച്ചടി ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായിരിക്കുന്നത്. 24 സൈനികര്‍ രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഗാസയില്‍ ഇങ്ങനെ ഒരു സംഭവമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികരും ഇതില്‍പ്പെടും. പിന്നീട് ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു. 25000 പലസ്തീന്‍കാരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
100 ദിവസം ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിട്ടും ഹമാസ് സൈനികമായി നീങ്ങുന്നു എന്നത് ഇസ്രായേല്‍ സര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കരയാക്രമണം തുടങ്ങിയ ശേഷം നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പലപ്പോഴായി 250ലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിനിടെയാണ് ഒരു ദിവസം മാത്രം 24 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.
2024ല്‍ ഇസ്രായേല്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാന്‍ യൂനുസില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ഇവര്‍ അകത്ത് കയറി ബോംബുകള്‍ ഘടിപ്പിക്കവെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സൈനികരുടെ ടാങ്ക് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് അകത്തായിരുന്ന 21 സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗറി പറഞ്ഞു.
അതിനിടെ തെക്കന്‍ ഗാസയിലെ മറ്റൊരു സംഭവത്തില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം പ്രസായസമേറിയ ദിനമായിരുന്നു ഇന്നലെ എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. പൂര്‍ണമായ വിജയം നേടും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ഭാവി നിര്‍ണയിക്കുന്ന യുദ്ധമാണിതെന്ന് പ്രതിരോധമന്ത്രി യോവ് ഗല്ലന്റ് പറഞ്ഞു.
ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യം. അത് നേടുംവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആവര്‍ത്തിക്കുന്നത്. തെക്കന്‍ ഗാസയിലെ പ്രധാന നഗരമായ ഖാന്‍ യൂനുസ്. ഇസ്രായേല്‍ സൈന്യം നേരത്തെ ഇവിടെ വ്യാപകമായി വ്യോമാക്രമണം നടത്തിയിരുന്നു. ശേഷമാണ് കരസേന എത്തിയത്. ഇവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.