പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; പ്രതിക്കായി അന്വേഷണം

പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കായി അന്വേഷണം

കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി കത്തി കാണിച്ചു വീട്ടമ്മയെ ഭീഷണിപ്പെടുത്തി രണ്ടേകാല്‍ പവന്റെ സ്വര്‍ണ മാലയും കമ്മലും കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ കൊര വയലിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പെരുമ്പയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്റെ ഭാര്യ കുണ്ടത്തില്‍ സാവിത്രിയുടെ (66) മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

വ്യാഴാഴ്ച രാവിലെ എട്ടരയോടെ രവീന്ദ്രന്‍ ജോലിക്ക് പോയതായിരുന്നു. സാവിത്രി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ ഭര്‍തൃവീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ പത്തര മണിയോടെ വീട്ടിന്റെ കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ നീല മഴക്കോട്ടിട്ട കവര്‍ച്ചക്കാരന്‍ വീട്ടിനകത്തേക്ക് കയറി. വാതില്‍ കുറ്റിയിട്ടതിന് ശേഷം സാവിത്രിയുടെ കഴുത്തില്‍ കത്തി വെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

വായയില്‍ തുണി കുത്തി തിരുകിയതിനു ശേഷം കഴുത്തിലണിഞ്ഞ രണ്ടേകാല്‍ പവന്റെ സ്വര്‍ണ താലിമാലയും കമ്മലും പറിച്ചെടുത്ത ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. അവശയായ വീട്ടമ്മ നിലവിളിക്കുന്നത് കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത് അപ്പോഴേക്കും കവര്‍ച്ചക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടില്‍ നിന്നും മോഷ്ടാവ് ഉപേക്ഷിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. റോഡരികിലെ കടയില്‍ നിന്നും മോഷ്ടാവിന്റെതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നു വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News