കൊച്ചി:വാഹനപരിശോധനയ്ക്കിടെ 55 ലക്ഷവുമായി സ്വർണ്ണ കവർച്ച കേസിലെ പ്രതി പിടിയിൽ.പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് പിടിയിലായത്.കർണാടകയിലെ സ്വർണ കവർച്ച കേസിലെ പ്രതിയാണിയാൾ.
മംഗലാപുരത്ത് നിന്ന് ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്. ഇയാളെ പിടികൂടാനായി കർണാടകയിൽ നിന്നുള്ള പോലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു. കച്ചേരിപ്പടിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിൽ പൊലീസെത്തി. ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെടുന്നതിനിടെയാണ് ബോൾഗാട്ടി പാലത്തിനു മുന്നിലെ കേരള പോലീസിന്റ പരിശോധനയ്ക്ക് മുന്നിൽ ഇയാൾ കുടുങ്ങിയത്.
ബാങ്കിലേക്കാണ് യാത്രയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. ഇതു വ്യക്തമാക്കുന്ന സത്യവാങ്മൂലം കാണിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാൽ സംശയം തോന്നിയ പോലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് അരഡസനോളം സത്യവാങ്മൂലങ്ങൾ വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ ബാഗിൽനിന്ന് പണവും പിടിച്ചെടുത്തു.തുടർന്നാണ് കർണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികളെ കോടതിയിൽ ഹാജരാക്കും.തുടർന്ന് റാഷിദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് കർണാടക പോലീസിന്റെ തീരുമാനം.റാഷിദ് ഉൾപ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തുനിന്ന് സ്വർണ്ണ മോഷ്ടിച്ച കേസിലെ പ്രതികൾ.