കരിപ്പൂരിൽ എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്തുവാൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി,യുവാവ് അറസ്റ്റിൽ

കരിപ്പൂർ: വിമാനത്താവളത്തിൽ എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്തുവാൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി; റിയാദില്‍ നിന്ന് ബഹ്റൈന്‍ വഴി കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശി അബ്ദുള്‍ റമീസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശിയായ അബ്ദുൽ റമീസിൽനിന്നാണ് സ്വർണ്ണം പിടികൂടിയത് .

റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കാണപ്പെട്ടതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

അതിനുള്ളിലുണ്ടായിരുന്ന എമർജൻസി ലൈറ്റിനു അസാമാന്യ വലിപ്പം കാണപ്പെട്ടതിനെത്തുടര്‍ന്ന് അത് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പു കൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്.

ഈ എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്നാണ് റമീസ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News