KeralaNews

കൊടുവള്ളിയിൽ യുഡിഎഫ് ആഹ്ളാദപ്രകടനം നയിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്, പ്രതികരിയ്ക്കാതെ ലീഗ് നേതൃത്വം

മലപ്പുറം : കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനം നയിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്. മോഡേൺബസാറിൽ നിന്ന് ജയിച്ച ലീഗ് സ്വതന്ത്രസ്ഥാനാർത്ഥി പികെ സൂബൈറിന്‍റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും അബുലൈസാണെന്നാണ് സൂചന. കരിപ്പൂർ കേന്ദ്രീകരിച്ച് 39 കിലോ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയാണ് അബുലൈസ്.

കൊടുവള്ളി മോഡേൺബസാറിൽ നിന്ന് ജയിച്ച മുസ്ലിം ലീഗിലെ പികെ സുബൈറിന്റെ ആഹ്ളാദപ്രകടനത്തിലെ ദൃശ്യങ്ങളിലാണ് അബുലൈസിന്‍റെ സാന്നിധ്യം. ജീപ്പിന് മുകളിലിരുന്നാണ് അബുലൈസ് വിജയാഘോഷത്തിൽ പങ്കെടുത്തതെന്നാണ് ദൃശ്യങ്ങൾ നൽകുന്ന തെളിവ്. യുഡിഎഫ് ധാരണ അനുസരിച്ച് മോഡേൺബസാര്‍ വാർഡിലെ സ്ഥാനാർത്ഥി കോൺഗ്രസിലെ നൂർ മുഹമ്മദായിരുന്നു. നൂർമുഹമ്മദ് പിൻവാങ്ങുകയും ലീഗിലെ പികെ സുബൈർ സ്ഥാനാർത്ഥായാവുകയും ചെയ്തപ്പോൾ തന്നെ ദൂരൂഹതയുണ്ടായിരുന്നു. നൂർമുഹമ്മദ് പിൻമാറിയതിന് പിന്നിൽ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഫലപ്രഖ്യാപനത്തോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് സൂചന നൽകുന്നതാണ് പരസ്യമായി അബുലൈസിന്‍റെ ആഹ്ളാദ പ്രകടനം.

കരിപ്പൂർ വഴി 39 കിലോ സ്വർണ്ണം കടത്തിയ കേസിൽ ഒളിവിൽ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസിൽ പ്രതിയായി ജയിലിലായിരുന്നു. കൊടുവള്ളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കാരാട്ട് ഫൈസലിന്റെ സ്വർണ്ണക്കടത്ത് ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതേക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫും സ്വർണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം പുലർത്തുന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ലീഗ് നേതാക്കൾ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button