കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതും ഡോളര്‍ വിലയിടിഞ്ഞതുമാണു ഇന്നു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം. അന്താരാഷ്ട്ര വിലയിലുള്‍പ്പെടെ റിക്കാര്‍ഡ് നേട്ടം കൈവരിച്ചു മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ 113 ദിവസത്തിനിടെ പവന് 6,000 രൂപയുടെ ഇടിവാണ് നേരിട്ടിട്ടുള്ളത്. ഗ്രാം വിലയാകട്ടെ ഈ കാലയളവില്‍ 750 രൂപയും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ജൂലൈ മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെ ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. യുഎസ് തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഏകദേശം മാറുകയും കോവിഡ് വാക്സിന് വിവരങ്ങള്‍ പുറത്തു വരികയും ചെയ്തതോടെയാണു ആഗോള തലത്തില്‍ സ്വര്‍ണവില ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്.