സ്വര്‍ണ വിലയില്‍ കുതിപ്പ്; 36,000 കടന്നു

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,080. ഒരിടവേളയ്ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ പോവുന്നത്. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4510ല്‍ എത്തി.

കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ച 160 രൂപ ഉയര്‍ന്ന വില ഇന്നലെ വരെ 35,960ല്‍ തുടര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്.

ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു.

ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു നവംബറില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കഴിഞ്ഞ ആഴ്ചകളില്‍ കാരണമായിരുന്നു. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ താല്‍ക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഒരു കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News