സ്വര്‍ണ വില റോക്കറ്റ് പോലെ കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി. തുടര്‍ച്ചയായുള്ള നാലാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,440 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു വരികയാണ്.

രാജ്യാന്തര വിപണിയില്‍ വില വിത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔണ്‍സിന് 1834.40 ഡോളറിലാണ് വില. പലിശ നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡ് റിസര്‍വ് നയമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. യുഎസ് ട്രഷറി വരുമാനം ഉയരുന്നത് താല്‍ക്കാലികമായി സ്വര്‍ണത്തിന് തിരിച്ചടിയായേക്കാം.

ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ജനുവരി 26നായിരുന്നു. അന്ന് 36,720 രൂപയായിരുന്നു സ്വര്‍ണവില. അതിന്‌ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ജനുവരി തുടക്കം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു.

യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. താല്‍ക്കാലികമായി വില ഇടിഞ്ഞാലും വില ഉയര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News