കൊച്ചി: ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 4980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാവിലെ 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നിരുന്നു. ഓഹരിവിപണി തിരിച്ചുകയറിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഉച്ചയോടെയാണ് സ്വര്‍ണവില താഴ്ന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം രേഖപ്പെടുത്തിയതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. സെന്‍സെക്സ് ആയിരം പോയന്റിലേറെയാണ് മുന്നേറിയത്.
യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയിലും ഓഹരിവിപണിയിലും പ്രതിഫലിക്കുന്നത്. യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയില്‍ മുന്നേറ്റത്തിന് കാരണം. യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.