കൊച്ചി:സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ ഏതൊരു മാറ്റവും ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ധവനവിന് ഇന്നും മാറ്റമില്ല എന്നതാണ് സാധാരണക്കാരുടെ നെഞ്ചിടി കൂട്ടുന്നത്. എന്നാല്‍ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ് താനും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില പവന് 45920 എന്ന നിലയില്‍ എത്തി. ഇത് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോഡാണ്. മെയ് മാസം അഞ്ചാം തിയതി രേഖപ്പെടുത്തിയ പവന് 45760 രൂപയായിരുന്നു സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതാണ് ഇന്ന് സ്വര്‍ണം മറികടന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് അരലക്ഷം രൂപ ഒടുക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 80 രൂപയും കൂടിയിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5760 രൂപ ഒടുക്കണം എന്ന നിലയായി. സമീപകാലത്തൊന്നും സ്വര്‍ണത്തിന് ഇത്രയും വില കൂടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ അവസാനിക്കാറാകുമ്പോഴേക്കും സ്വര്‍ണം തിരിച്ചു കയറുകയായിരുന്നു.
ഒക്ടോബര്‍ അഞ്ചിന് 41920 രൂപയുണ്ടായിരുന്ന സ്വര്‍ണ വിലയാണ് 23 ദിവസങ്ങള്‍ക്ക് ശേഷം 4000 രൂപ കൂടി റെക്കോഡ് മറികടന്നിരിക്കുന്നത്. ഒക്ടോബര്‍ ആദ്യ മൂന്ന് വാരവും 43000 ത്തിലായിരുന്നു സ്വര്‍ണം വിറ്റിരുന്നത്. ഇതാണ് നാലാം വാരത്തിലേക്ക് കടന്നതോടെ 45000 എന്ന മാര്‍ക്ക് മറികടന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വര്‍ധിച്ചതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവ് രേഖപ്പെടുത്തും എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നവംബര്‍ പകുതിയോടെ സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 50000 കടക്കും. അന്താരാഷ്ട്ര വിപണിയില്‍ വില ഉടന്‍ തന്നെ ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താനും സാധ്യതയുണ്ട്.
സ്വര്‍ണവിലയില്‍ അടുത്ത മാസത്തോടെ ഏകദേശം 3.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും എന്നാണ് അനുമാനം. സ്വര്‍ണത്തിന് സമാനമായ രീതിയില്‍ വെള്ളി വിലയും കുതിച്ചുയരുന്നതോടെ ആഭരണ വിപണി സാധാരണക്കാര്‍ക്ക് ആശങ്കയിലാകും. വെള്ളി വില ഏകദേശം 5,000 രൂപ ഉയര്‍ന്ന് ദീപാവലിയാകുമ്പോള്‍ കിലോഗ്രാമിന് 75,000 രൂപയില്‍ എത്തും എന്നാണ് വിദഗ്ധര്‍ പറയുന്നത്.