പൂനെ: കൊവിഡ് വ്യാപനം തടയാന്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്‌കില്‍ തന്നെ പുത്തന്‍ പരീക്ഷണങ്ങളൊക്കെ നടത്തുന്നതും ഇപ്പോഴത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാലിപ്പോള്‍ സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഒരു മാസ്‌കാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
പുനെ സ്വദേശിയായ ശങ്കര്‍ കുറാഡെ എന്നയാളാണ് സ്വര്‍ണം കൊണ്ട് മാസ്‌ക് നിര്‍മിച്ചത്. 2.89 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇതിനായി ശങ്കര്‍ ഉപയോഗിച്ചത്. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വളരെ കനം കുറച്ച് നിര്‍മ്മിച്ചിട്ടുള്ള മാസ്‌കില്‍ ശ്വാസമെടുക്കാന്‍ ചെറുദ്വാരങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം ഈ മാസ്‌ക് വൈറസിനെ തടയാന്‍ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്ന് ശങ്കര്‍ പറയുന്നു.
സ്വര്‍ണ മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇതോടെ ശങ്കറിനെ ട്രോളിക്കൊണ്ടുള്ള കമന്റുകളും എത്തിതുടങ്ങി. ദ്വാരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇത് പ്രയോജനപ്പെട്ടേനെ എന്നാണ് ഇവര്‍ പറയുന്നത്.
നേരത്തേ കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിയുടെ വെള്ളി മാസ്‌കിനെ കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. വിവാഹത്തിനായി ദമ്പതികള്‍ക്ക് വേണ്ടി പ്രത്യേക വെള്ളി നിര്‍മിത മാസ്‌ക് തയ്യാറാക്കുമെന്നായിരുന്നു സന്ദീപ് സഗനോക്കര്‍ എന്ന സ്വര്‍ണവ്യാപാരിയുടെ പ്രഖ്യാപനം.