ദില്ലി: സ്വര്‍ണത്തിന്റെ (Gold import duty) ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നുണ്ട്.
സ്വര്‍ണത്തിന്റെ (Gold) ഇറക്കുമതി തീരുവ വര്ധിപ്പിച്ചതിനെ തുടർന്ന് 1 കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയിൽ കൂടാൻ സാധ്യതയുണ്ട്. ഇതോടെ സ്വർണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവ വരുമ്പോൾ മൊത്തം തീരുവ വീണ്ടും വർധിക്കും.
രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി കണ്ടെത്തിയ കസ്റ്റംസ് റിപ്പോർട്ട് പുറത്ത് വന്നതിനു പിറകെ 2021 ൽ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കിയാണ് കുറച്ചത്. 2019 ൽ ജൂലൈ 5 ന് അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. തുടർന്ന് ഇതിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ സർക്കാർ കുറച്ചത്.