25.2 C
Kottayam
Saturday, May 25, 2024

എകെജി സെന്‍റർ ആക്രമണം: പ്രതിയേക്കുറിച്ച് വിവരംലഭിച്ചു, ഉടൻ പിടികൂടുമെന്ന് എഡിജിപി

Must read

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ. പ്രതിയെ പെട്ടെന്നുതന്നെ പിടികൂടാൻ സാധിക്കുമെന്നും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അക്രമി ഒരാൾ മാത്രമാണെന്നാണ് സിസിടിവി ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത് . കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി ലോ കോളേജിന് സമീപത്തുള്ള വഴിയിൽ കൂടി പോകുന്നതിന്റെ ദൃശ്യമാണ് തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് ലഭിച്ചത്. ഇതോടെ അക്രമി സഞ്ചരിച്ച വഴി ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.

സംഭവത്തിൽ കമ്മീഷണറും എഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടാണ് പരിശോധനകൾ നടത്തുന്നത്. പുതിയ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ്. എകെജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിഞ്ഞ ശേഷം അക്രമി കുന്നുകുഴി ജങ്ഷനിൽ എത്തി ശേഷം ലോ കോളേജ് ഭാഗത്തേക്ക് പോയി എന്ന സൂചന നൽകുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്.

ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്ഫോടകവസ്തു എറിഞ്ഞത്. എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലൂടെയാണ് സ്ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്‌ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week