ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണും. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഗോവയില്‍ ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു. ബിജെപി തുടര്‍ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവി ഇക്കാര്യം അറിയിച്ചിരുന്നു. പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സര്‍ക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു. ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും സാധ്യതയേറുകയാണ്. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്.
നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയര്‍ന്ന ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് വ്യക്തമായ ആധിപത്യം ലഭിച്ചത്. ഈ സന്തോഷത്തില്‍ മുംബൈയിലെ പാര്‍ട്ടി അനുകൂലികള്‍ മധുരം വിതരണം ചെയ്യുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ലഡ്ഡു തയാറാക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബിജെപി 274 സീറ്റുകളിലാണ് മുന്നേറുന്നത്. സമാജ്വാദി പാര്‍ട്ടി 122 സീറ്റും, കോണ്‍ഗ്രസ് രണ്ട് സീറ്റും, ബിഎസ്പി നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ 41 സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 25 സീറ്റും ബിഎസ്പി 2 സീറ്റുമാണ് നേടിയത്. ഗോവയില്‍ 19 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് 12 സീറ്റും, ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. മണിപ്പൂരില്‍ ബിജെപി 30 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 9 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.