News

അമ്പത് രൂപയ്ക്ക് പെട്രോള്‍ അടിക്കണമെങ്കില്‍ താലിബാനിലേക്ക് വിട്ടോ; ഇന്ധന വിലയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ്

ഭോപ്പാല്‍: ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അഫ്ഗാനിസ്ഥാനില്‍ പോകാന്‍ പറഞ്ഞ് ബി.ജെ.പി നേതാവ്. അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടണമെങ്കില്‍ താലിബാനിലേക്ക് പോകണമെന്നും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ അടിക്കാന്‍ പറ്റുമെന്നാണ് ബി.ജെ.പി നേതാവ് രാംരത്ന പയാല്‍ പറഞ്ഞത്.

”താലിബാനിലേക്ക് വിട്ടോ. അഫ്ഗാനിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. അവിടെ പോയി നിങ്ങള്‍ പെട്രോള്‍ അടിച്ചോ , അവിടെ (അഫ്ഗാനിസ്ഥാന്‍) ഇന്ധനം നിറയ്ക്കാന്‍ ആരും ഇല്ല. കുറഞ്ഞത് ഇവിടെ (ഇന്ത്യ) സുരക്ഷയെങ്കിലും ഉണ്ട്,” രാംരത്ന പയാല്‍ പറഞ്ഞു. ഇയാളുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദത്തിലൂടെ സാമ്രാജ്യം സൃഷ്ടിക്കാന്‍ എക്കാലവും സാധിക്കില്ലെന്നും ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് മനുഷ്യരാശിയെ എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞദിവസം,താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button