കൊച്ചി:വര്‍ഷങ്ങളായുള്ള ബ്ലെസിയുടെ പ്രയത്നത്തിന്‍റെ ഫലമാണ് അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് സിനിമ ആടുജീവിതം. കൊവിഡ് കാലത്ത് പോലും വളരെ അധികം പ്രതിസന്ധികള്‍ ആടുജീവിതത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നേരിട്ടിരുന്നു.
ജോര്‍ദ്ദാന്‍ അടക്കം നിരവധി സ്ഥലങ്ങളിലായാണ് ആടുജീവിതം ചിത്രീകരിച്ചത്. ചിത്രത്തില്‍ നജീബായി അഭിനയിക്കുന്ന പൃഥ്വിരാജ് പോലും ആടുജീവിതം ചെയ്യുന്നതിന് വേണ്ടി മറ്റ് പല സിനിമകളില്‍ നിന്നും വന്ന അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ചിരുന്നു.
ബ്ലെസി ഇതുവരെ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സിനിമകളിലേറെയും ക്ലാസിക്കെന്ന് വിശേഷിപ്പിക്കാവുന്നവയാണ്. ബെന്യാമിന്‍റെ നോവലായ ആടുജീവിതം കേരളത്തിലെ വലിയൊരു ജനവിഭാഗം വായിച്ച് ഹൃദിസ്ഥമാക്കിയതാണ്. ബെന്യാമിന്‍റെ അക്ഷരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണുനീര്‍ തടഞ്ഞ് നിര്‍ത്താന്‍ വായനക്കാരന് ആവില്ല.
അതുകൊണ്ട് തന്നെ ഇത്രയേറെ ഹൃദയസ്പര്‍ശിയായ കഥ ബ്ലെസി എങ്ങനെ സ്ക്രീനില്‍ എത്തിക്കും പൃഥ്വിരാജ് എങ്ങനെയായിരിക്കും അഭിനയിച്ച് ഫലിപ്പിക്കുക എന്നതെല്ലാം പ്രേക്ഷകരുടെ ആകാംഷ കൂട്ടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി മറ്റൊന്നും ചെയ്യാതെ ആടുജീവിതത്തിന് പിന്നാലെ തന്നെയാണ് ബ്ലെസി.
ഇപ്പോള്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നത്. ദിവസങ്ങളോളം ആടുജീവിതം സിനിമയാക്കാന്‍ അലഞ്ഞതിനാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി താന്‍ തിരികെ നാട്ടിലെത്തിയത് വീല്‍ ചെയറിലാണ് എന്നാണ് സംവിധായകന്‍ ബ്ലെസി വെളിപ്പെടുത്തിയത്.
അത്രത്തോളം ശാരീരികാവസ്ഥ മോശമായിരുന്നുവെന്നും അതില്‍ നിന്ന് തിരിച്ച് വരാനും മനസിനെ പഴയ രീതിയിലേക്ക് കൊണ്ടുവരാനും വളരെ നാളുകള്‍ എടുത്തുവെന്നും ബ്ലെസി പറയുന്നു.
സംവിധായകന്‍റെ വാക്കുകളിലേക്ക്….. ‘പ്രവാസികളിലൂടെ മലയാളികൾക്ക് പരിചിതമായ സൗദി അറേബ്യയിലാണ് നജീബിനെ ആ നോവലിന്‍റെ രചയിതാവായ ബെന്യാമിൻ കണ്ടത്. ആയതിനാൽ പ്രമേയത്തിന്‍റെ റിയാലിറ്റിയിൽ നിന്ന് കടുകിട മാറാതെ രംഗപടങ്ങൾ ക്രമീകരിക്കാനുള്ള ചുമതലയിൽ ഒത്തുതീർപ്പിന് സാധ്യതയില്ല.’
‘ആടുജീവിതത്തിന് ലൊക്കേഷൻ തിരഞ്ഞ് രാജസ്ഥാൻ, മൊറോക്കോ, അബുദാബി, മസ്കത്ത്, ബഹറിൻ, ദോഹ, സൗദി അറേബ്യ, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. മരുപ്പച്ച തേടിയ നജീബിന്‍റെ ജീവിതം സിനിമയാക്കാൻ അഞ്ച് വർഷം വേണ്ടി വന്നു.’
‘ഹൃദയസ്പന്ദനത്തിന്‍റെ പകുതിയും പട്ടിണി വിഴുങ്ങിയപ്പോഴും നജീബിനെ വഴി നടത്തിയത് ജീവിക്കാനുള്ള മോഹമായിരുന്നു. അയാളുടെ മെലിഞ്ഞ കാൽപാടുകൾ തിരഞ്ഞ് രാജസ്ഥാനിലെ മരുഭൂമിയിൽ നിന്നാണ് ഞാൻ നടത്തം തുടങ്ങിയത്.’
‘ഷൂട്ടിങ്ങിന്‍റെ അവസാന ദിവസം ഫൈനൽ ക്ലാപ്പടിച്ച് ജോർദാനിൽ നിന്ന് മടങ്ങിയത് മറക്കാനാകില്ല. മണലാരണ്യങ്ങളിലെ ചൂടേറ്റ് മുഖവും കൈകാലുകളും കരുവാളിച്ചിരുന്നു. തലമുടിയും താടിരോമങ്ങളും വളർന്ന് ജടാധാരിയായി. വലത് കയ്യിൽ ഗ്ലൂക്കോസ് കയറ്റാനുള്ള കാനുലയുമായി വീൽചെയറിലാണ് സ്വദേശമായ തിരുവല്ലയിൽ ഞാന്‍ മടങ്ങിയെത്തിയത്.’
‘നാളുകളോളം മരുഭൂമിയില്‍ ചിലവഴിച്ചതിനാല്‍ വീട്ടിലെ മുറിയിലെ വെളിച്ചം പോലും എന്നെ അലോസരപ്പെടുത്തിയിരുന്നു. ശാരീരികാവസ്ഥ ഡോക്ടറോട് വിശദീകരിച്ചപ്പോള്‍ സോഡിയം ലെവൽ താഴ്ന്നിരിക്കുന്നു… നിർജലീകരണം സംഭവിച്ച് ശരീരം തളർന്നിരിക്കുകയാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.’
‘പിന്നീട് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. പക്ഷെ പഴയ നിലയിലേക്ക് മാറാന്‍ എനിക്ക് സാധിക്കാതെ വന്നതോടെയാണ് എങ്ങോട്ടെങ്കിലും യാത്ര പോകാം എന്ന തീരുമാനത്തിലേത്ത് എത്തിയത്. അതിനായി നിരവധി സ്ഥലങ്ങള്‍ ആലോചിച്ചു…. അപ്പോഴാണ് വേളാങ്കണി മനസിലേക്ക് വന്നത്.’
‘വൈകാതെ ട്രെയിന്‍ ബുക്ക് ചെയ്ത് ആരും തിരിച്ചറിയാത്ത വിധം തലയും മുഖവും മറച്ച് യാത്ര ആരംഭിച്ചു. ആടുജീവിതം എനിക്ക് സമ്മാനിച്ച അവസ്ഥയില്‍ നിന്ന് മറികടക്കാനാണ് വേളാങ്കണി യാത്ര ഞാന്‍ തെരഞ്ഞെടുത്തത്. കാഴ്ച അടക്കമുള്ള സിനിമയുടെ റിലീസിന് ശേഷം ഞാന്‍ യാത്ര പോയിട്ടുള്ളത് വേളാങ്കണ്ണിക്കാണ്’ ബ്ലെസി പറയുന്നു.