കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസിന് തിരിച്ചടി. പെണ്‍കുട്ടികളെ പുറത്തെത്തിക്കാന്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്ന് അന്വേഷിക്കാന്‍ പോയ പോലീസിനു കൈയിലുണ്ടായിരുന്ന പ്രതിയടക്കം ഒരു മണിക്കൂര്‍ നേരത്തേക്കാണെങ്കിലും ചാടിപ്പോയതു തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ടു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സസ്പെന്‍ഷന്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
ഇതിനേക്കാള്‍ പോലീസിനെ ഞെട്ടിച്ചിരിക്കുന്നതു പെണ്‍കുട്ടികള്‍ ശിശുക്ഷേമസമിതിക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ്. സുരക്ഷ പൊടിപോലുമില്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോമില്‍ എന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലഹരിയും സിഗരറ്റുകളും മതില്‍ കടന്നു കെട്ടിടത്തിനുള്ളിലേക്ക് എത്തുന്നു. പെണ്‍കുട്ടികള്‍ സദാസമയം ഫോണില്‍ത്തന്നെ. സ്വതന്ത്ര്യം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചതോടെ പലരും വഴി തെറ്റി. പലര്‍ക്കും മതില്‍ ചാടിക്കടന്നു പുറം ലോകം കാണണമെന്നായി. യാതാരുവിധ സുരക്ഷയും കെട്ടിടത്തിനകത്തോ പുറത്തോ ഇല്ല.
പോലീസ് സുരക്ഷ ആവശ്യപ്പെടാറുമില്ല. നല്‍കാറുമില്ല. ഇതിനൊപ്പം പുറത്തുചാടിക്കാന്‍ തയാറായി ആണ്‍ സൃഹൃത്തുക്കളും. അതിഭീകരമാണ് ഇവിടുത്തെ അവസ്ഥയെന്നാണ് ശിശുക്ഷേമസമിതി അംഗങ്ങള്‍ പറയുന്നത്. അതേസമയം, തുടര്‍ അന്വേഷണവുമായി മുന്നോട്ടു പോയ പോലീസിനെ കുഴക്കുന്നത് ആറു പെണ്‍കുട്ടികളും നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളാണ്. തങ്ങളെ സഹായിച്ചവര്‍ക്കെതിരേയാണ് പോലീസ് കേസ് എടുത്തിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞത്. എന്നാല്‍, മദ്യം തന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു പിടിക്കപ്പെട്ടപ്പോള്‍ ഇവരില്‍ ചിലര്‍ മൊഴിയും നല്‍കി.
ഈ മൊഴി കേട്ടു യുവാക്കളെ അറസ്റ്റ് ചെയ്തു പോക്‌സോ ചുമത്തിയ പോലീസ് വെട്ടിലായി. ഈ സാഹചര്യത്തില്‍ ശിശുക്ഷേമസമിതിയുടെ റിപ്പോര്‍ട്ടും നിര്‍ണായകമാകും. ചില്‍ഡ്രന്‍സ് ഹോമില്‍ ഗുരുതര സുരക്ഷാപിഴവുണ്ടെന്നു കമ്മിറ്റി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതാണ്. പ്രശ്നം പരിഹരിക്കുന്നതില്‍ യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ നടപടികള്‍ ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ( 26), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ് ( 26) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് തയാറെടുക്കുന്നതിനിടെ സ്റ്റേഷനു പിറകുവശത്തു കൂടി ഫെബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.