പിതാവിന് ഫോണ്‍കോള്‍, പിന്നാലെ ആറാം നിലയില്‍ നിന്ന് ചാടി മോഡലിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം

ജയ്പുര്‍: ഫാഷന്‍ മോഡലായ യുവതി ഹോട്ടലിന്റെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകള്‍ ഗുന്‍ഗുന്‍ ഉപാധ്യായയാണ് ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്‌സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉദയ്പുരില്‍നിന്ന് ജോധ്പുരില്‍ മടങ്ങിയെത്തിയ യുവതി ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസില്‍നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നാണ് പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്.

തന്നെ കാണുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പോലീസ് സംഘം ഹോട്ടലില്‍ എത്തിയെങ്കിലും വൈകിപ്പോയിരുന്നു.

യുവതിയുടെ നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവതിയുടെ മൊഴിയെടുക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. അപകടനില തരണംചെയ്ത ശേഷം യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News