അഛൻ ഒളിച്ചോടിയതിന് പിന്നാലെ അമ്മയും , കൊച്ചിയിൽ 17കാരി പെരുവഴിയിൽ, മാതാപിതാക്കളെ ഒന്നു കാണുകയെങ്കിലും വേണമെന്നാഗ്രഹിച്ച് വനിതാ കമ്മീഷനു മുമ്പിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടി

കൊച്ചി:പുത്തന്‍കുരിശു സ്വദേശിനിയായ 17 കാരിയുടെ അഛന്‍ വീടുവിട്ടിറങ്ങി മറ്റൊരു യുവതിയുമായി താമസമാക്കി.അമ്മ മലപ്പുറം സ്വദേശിയുടെ കൂടെയും ഒളിച്ചോടി കുറച്ചുനാള്‍ കഴിഞ്ഞ് അമ്മയെത്തി അനുജനെ കൂട്ടിക്കൊണ്ടുപോയി.ഇടയ്ക്കിടെ ചെറിയ തുകയും അയയ്ക്കും.താമസം അഛന്റെ അമ്മയോടൊപ്പം. പ്ലസ് ടു മികച്ച വിജയം നേടിയ കുട്ടി ഏവിയേഷന്‍ പഠനത്തിന് ചേര്‍ന്നു.മഴയില്‍ ചോര്‍ന്നൊലിയ്ക്കുന്ന വീട്ടില്‍ താമസിയ്ക്കുന്ന മുത്തശിയ്ക്ക് പഠനത്തിന് പണം ചിലവഴിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടി സഹായം തേടി വനിത കമ്മീഷനെ സമീപിച്ചത്.പഠനത്തിനും ജീവിതച്ചലവിനും പണം നല്‍കിയില്ലെങ്കിലും മാസത്തില്‍ ഒന്നോ രണ്ടോ തവണ അഛനെ കാണുകയെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി പെണ്‍കുട്ടി വനിതാകമ്മീഷന് മുന്നില്‍ പൊട്ടിക്കരഞ്ഞു.തുടര്‍ന്ന് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം അഛനെ കസ്റ്റഡിയിലെടുത്തു ഹാജരാക്കാന്‍ ഉത്തരവിട്ടു. മലപ്പുറത്തു നടക്കുന്ന സിറ്റിംഗില്‍ അമ്മയെ ഹാജരാക്കാന്‍ മലപ്പുറം പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കുട്ടിയ്ക്ക് വീടുനിര്‍മ്മാണത്തിനുള്ള സഹായം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.പഠനം മുന്നോട്ടുകൊണ്ടുപോവാന്‍ മാതാപിതാക്കള്‍ സഹായത്തിനെത്തിയില്ലെങ്കില്‍ സുമനസുകളുടെ സഹായത്തോടെ പഠനം മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചന