KeralaNews

മിസ് കേരളയുടെ മരണം: ഹോട്ടലിൽനിന്നു നിർണായക ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലില്‍നിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആറിന്‍റെയും ഹാര്‍ഡ് ഡിസ്‌കിന്‍റെയും പരിശോധന തുടങ്ങി.

ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയെക്കുറിച്ചു പോലീസിനു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങള്‍ സൈബര്‍ പോലീസിന്‍റെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു മെട്രോ സിഐ എ. അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവ പിടിച്ചെടുത്തത്.

കംപ്യൂട്ടറിന്‍റെ പാസ്‌വേഡ് അറിയില്ലെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെത്തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഹോട്ടലിലെ നിശാ പാര്‍ട്ടികളില്‍ സിനിമ, സീരിയല്‍ രംഗത്തുളളവര്‍ പങ്കെടുക്കുന്നവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഹോട്ടലിന്‍റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ ഒന്നിന് ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം.

ആന്‍സി കബീറും (25), മിസ് കേരള റണ്ണര്‍ അപ്പ് ഡോ.അഞ്ജന ഷാജനും (24), കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒക്ടോബര്‍ 31-ന് രാത്രി നമ്പര്‍ 18 എന്ന ഹോട്ടലില്‍നിന്ന് ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത്.

കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. അതേസമയം, കാര്‍ 120 കിലോ മീറ്റര്‍ വേഗത്തിലായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫോര്‍ട്ടു കൊച്ചിയില്‍നിന്നു കാര്‍ വൈറ്റില ബൈപാസില്‍ എത്തിയതു വെറും അരമണിക്കൂര്‍ സമയം മാത്രമെടുത്താണെന്നു പോലീസ് പറയുന്നു. അബ്ദുള്‍ റഹ്മാന്‍റെ രക്തത്തില്‍നിന്ന് 155 മില്ലി മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button