നാഗെൽസ്മാനെ തള്ളി ക്യാപ്റ്റൻ കിമ്മിച്ച്; എക്വഡോറിനോടേറ്റ തോൽവിക്ക് പിന്നാലെ ജർമൻ ടീമിൽ കടുത്ത ഭിന്നത

ന്യൂയോർക്ക്: ലോകകപ്പിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജർമനി ടീമില്‍ കടുത്ത ഭിന്നതയെന്ന് സൂചന. ടീമിന് വിജയതൃഷ്ണ കുറവായിരുന്നില്ലെന്ന് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ അവകാശപ്പെടുമ്പോൾ, ഇക്വഡോറിന് തങ്ങളെക്കാൾ ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രംഗത്തെത്തി. സട്രൈക്കർ ഡെനിസ് ഉണ്ടാവുവും കിമ്മിച്ചിന്‍റെ അഭിപ്രായത്തോട് യോജിച്ച് പരസ്യമായി രംഗത്തെത്തിയത് ടീമിലെ ഭിന്നതക്ക് തെളിവാണെന്നാണ് വിലയിരുത്തല്‍.

ക്യുറസാവോ, ഐവറികോസ്റ്റ് എന്നിവർക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ജർമനി നേരത്തെ തന്നെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയിരുന്നു. ഇക്വഡോറിനെതിരായ മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി മുന്നിലെത്തിയതുമാണ്. എന്നാൽ പിന്നീട് കളം നിറഞ്ഞുകളിച്ച ഇക്വഡോർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരെ അട്ടിമറിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ജർമനിയുടെ ആദ്യ തോൽവിക്ക് പിന്നാലെ കടുത്ത ഭാഷയിലാണ് മുതിർന്ന താരങ്ങൾ പ്രതികരിച്ചത്. കളിയിൽ ജയം നേടാനുള്ള ഇക്വഡോറിന്‍റെ ദാഹമാണ് മത്സരത്തിലെ ജയവും തോൽവിയും നിർണയിച്ചതെന്ന് ഉണ്ടാവ് പറഞ്ഞു. ഞങ്ങളെക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചത് അവരാണെന്ന തോന്നലാണ് എനിക്കുണ്ടായത്. ഇക്വഡോർ കൂടുതൽ ആക്രമണാത്മകമായും ദൃഢതയോടെയുമാണ് കളിച്ചത്. എല്ലാ നീക്കങ്ങളിലും അവർ 100 ശതമാനം നൽകി. ഇതിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളണം ഉണ്ടാവ് വ്യക്തമാക്കി. ക്യാപ്റ്റൻ ജോഷ്വ കിമ്മിഷും ഇതേ അഭിപ്രായം പങ്കുവെച്ചു.

ഇന്നത്തെ വ്യത്യാസം എന്തെന്നാൽ, ഞങ്ങളെക്കാൾ എതിരാളികൾക്കായിരുന്നു ജയം അനിവാര്യമായിരുന്നത്. അതുകൊണ്ടാണ് അവർ ജയിച്ചത്. അത് തികച്ചും അർഹിച്ച വിജയമാണെന്ന് കിമ്മിച്ച് പറഞ്ഞു. എന്നാൽ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ താരങ്ങളുടെ ഈ വാദങ്ങളെ കോച്ച് ജൂലിയൻ നാഗെൽസ്മാൻ പൂർണ്ണമായി തള്ളി. ദയവായി ഈ വിഡ്ഢിത്തം പറയുന്നത് നിർത്തൂ, സത്യസന്ധമായി പറയുകയാണ്. ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ ഞങ്ങളുടെ പൊസിഷനിംഗിൽ വരുത്തിയ പിഴവുകൾ കാരണം ഞങ്ങൾ ഒരു സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.എന്‍റെ കളിക്കാർ ആരും തന്നെ കളം നിറഞ്ഞ് കളിച്ചില്ല എന്ന് പറയാൻ എനിക്ക് കഴിയില്ല. അത് കാര്യങ്ങളെ വളരെ ലളിതവൽക്കരിച്ചു കാണുന്നതിന് തുല്യമാണെന്ന് നാഗെൽസ്മാൻ പറഞ്ഞു.

തോൽവിക്ക് കാരണം തന്ത്രപരമായ പിഴവുകളാണെന്ന് കോച്ച് ഉറപ്പിച്ചു പറയുമ്പോൾ, കളിയിലെ ആത്മാർത്ഥത കുറവാണ് തിരിച്ചടിയായതെന്ന് താരങ്ങൾ പറയുന്നത് ജർമ്മൻ ക്യാമ്പിലെ വലിയ അസ്വാരസ്യങ്ങളാണ് വ്യക്തമാക്കുന്നത്. 2014-ൽ ലോകകിരീടം നേടിയ ശേഷം കളിച്ച കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ജർമനി 4 വിജയങ്ങൾ നേടിയപ്പോള്‍ 4 തോൽവികളും വഴങ്ങി. തിങ്കളാഴ്ച ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് പോരാട്ടത്തിൽ ടൂർണമെന്‍റിലെ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമിനെയാണ് ജർമനി നേരിടുക.

English Summary

Signs of a serious rift have emerged within the German football team following their shocking World Cup defeat against Ecuador. While head coach Julian Nagelsmann claimed that his squad did not lack a winning mentality, team captain Joshua Kimmich openly countered him, stating that Ecuador showed a far greater desire to win the match. Adding to the tension, striker Deniz Undav publicly backed Kimmich’s assessment, exposing an internal disagreement between the coaching staff and senior players as Germany prepares for the crucial knockout rounds.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News