ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാദി..മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തേജോവധം ചെയ്തു; ശ്വേതാ മേനോനും ലക്ഷ്മിപ്രിയക്കുമെതിരെ അൻസിബ പോലീസിൽ

കൊച്ചി: താരസംഘടന ‘അമ്മ’യിലെ വിവാദങ്ങളിൽ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസ്സൻ. തന്നെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്താൻ ജനപ്രതിനിധിയും കൂട്ടുനിന്നുവെന്നാണ് അൻസിബയുടെ പുതിയ ആരോപണം. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തന്നെ തേജോവധം ചെയ്തു. ലക്ഷങ്ങൾ ഒഴുക്കി പി.ആർ. ഏജൻസികളെക്കൊണ്ട് തനിക്കെതിരെ ഗൂഢാലോചന മെനയുകയാണെന്നും അൻസിബ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബയുടെ ഗുരുതര ആരോപണം.

‘വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്’, എന്ന വിശദീകരണത്തോടെയാണ് അൻസിബ നീണ്ട കുറിപ്പ് പങ്കുവെച്ചത്.

‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’. ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു’, അൻസിബ ആരോപിച്ചു.

‘കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പി.ആർ. ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്. അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല’, അൻസിബ വ്യക്തമാക്കി.

‘ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്’, അവർ കൂട്ടിച്ചേർത്തു.

സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അൻസിബ കൊച്ചി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് പരാതി. അമ്മ ഭാരവാഹിത്വം രാജിവെച്ചു പോകേണ്ടിവന്നതിലെ വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്ന് അൻസിബ ആരോപിച്ചു.

രാജിവെച്ച് പോയതിന് ശേഷം ശ്വേത തിരുവനന്തപുരത്തുള്ള സാമൂഹികമാധ്യമ പി.ആർ. ഏജൻസിയുമായി ചേർന്ന് വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കാനായി നിയമവിരുദ്ധമായ കരാറുകളിൽ എർപ്പെട്ടു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. ലക്ഷ്മിപ്രിയ പ്രചരിപ്പിച്ച വീഡിയോയിലെ പരാമർശങ്ങൾ അശ്ലീലവും സ്ത്രീയെന്ന നിലയിൽ തന്റെ അന്തസ്സിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്. ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

English Summary

Actress Ansiba Hassan has filed an official police complaint at the Palarivattom Police Station in Kochi against former AMMA President Swetha Menon and Vice President Lakshmipriya, accusing them of character assassination and spreading defamatory, obscene videos on social media. In an emotional social media post, Ansiba stated that she is being targeted with communal slurs like “Meethachi” and “Jihadi,” and falsely accused of religious conversion out of personal vendetta following their resignations from AMMA. She alleged that a political representative and a “superstar” were part of the conspiracy, and that lakhs of rupees are being spent on PR agencies based in Thiruvananthapuram to tarnish her image. Facing life threats, Ansiba sought legal action against Swetha and Lakshmipriya for violating her modesty.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News