വില്‍പനച്ചരക്കാക്കേണ്ട’; വേഷം മാറ്റി ജര്‍മന്‍ ജിംനാസ്റ്റുകള്‍
ടോക്യോ: താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിമ്പിക് ജിംനാസ്റ്റിക്സിന്റെ നാളിതുവരെയുളള പ്രധാന ആകർഷണം. അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം വിൽപനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയിൽ ഒളിമ്പിക്സ് വേദിയിലുമെത്തി. അങ്ങനെയിപ്പോൾ ഞങ്ങളുടെ ശരീരം വിൽപനച്ചരക്കാക്കേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജർമൻ താരങ്ങൾ ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്നത്.
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പരമ്പരാഗത വേഷമായ തോള് മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീൻ ഷാഫർ-ബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. സാധാരണയായി മതപരമായ കാരണങ്ങൾ കൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകൾ കാൽമറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത്.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നേരത്തെ തന്നെ പ്രതിഷേധം എന്ന രീതിയിൽ ഈ പുതിയ വേഷവും ധരിച്ച് താരങ്ങൾ മത്സരിച്ചിരുന്നു. ഇപ്പോൾ ശക്തമായ ഈ വേഷപ്രതിഷേധത്തിന് ഒളിമ്പിക്സും വേദിയായിരിക്കുകയാണ്. പതിനെട്ട് കൊല്ലക്കാലം നൂറുകണക്കിന് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് 176 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കൻ വനിതാ ടീമിന്റെ മുൻപരിശീലകൻ ലാറി നാസറിന്റെ അപ്പീൽ മിഷിഗൺ അപ്പീൽ കോടതി തള്ളിയതിന് തൊട്ടുപിറകെയാണ് ഈ പ്രതിഷേധം ഒളിമ്പിക് വേദിയിലുമെത്തിയത്. നാസറിന്റെ ഞെട്ടുന്ന പീഡനക്കഥകൾ പുറത്തുവന്നതിനുശേഷമാണ് വേഷത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്.
പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാറ വോസ് പറഞ്ഞു. ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്മൂന്നാം ഒളിമ്പിക്സിനെിത്തയ പൗലീൻ ഷേഫർ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-ഷെയ്ഫർ പറഞ്ഞു.
അമേരിക്കൻ ജിംനാസ്റ്റിക്സിലെ സൂപ്പർതാരം സിമോൺ ബിൽസ് നേരത്തെ തന്നെ കാലുവെ മറയുന്ന ഇത്തരം വേഷങ്ങൾക്കുവേണ്ടി രംഗത്തുവന്നിരുന്നു. വേഷം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങൾക്ക് നൽകണമെന്നും ബൈൽസ് പറഞ്ഞു.
ഒളിമ്പിക്സിന് തൊട്ടുമുൻപ് ബിക്കിനി ധരിച്ച് കളിക്കാൻ വിസമ്മതിച്ച നോർവീജിയൻ ബീച്ച് വോളി ടീമിന് പിഴയിട്ടിരുന്നു. ബിക്കിനിക്ക് പകരം സ്കിൻ ടൈറ്റ് ഷോട്ട്സ് ധരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ഇത് സംഘാടകർ വകവച്ചുകൊടുത്തില്ല. എന്നാൽ, ഇത്തരം എതിർപ്പ് ജർമൻ ടീമിന് ഒളിമ്പിക് അസോസിയേഷനിൽ നിന്ന് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. ടീം ഇറങ്ങിയപ്പോൾ നല്ല വേഷം എന്നായിരുന്നു അനൗൺസ്മെന്റ്