ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ സംസ്ഥാന ധനമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്റെ ധനമന്ത്രി തോമസ് ഷേഫറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.
ലോകത്ത് മഹാമാരിയായി കോവിഡ് പടരുമ്പോള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകാനിടയുള്ള പ്രതികൂലസാഹചര്യങ്ങളെ കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു ഷേഫര്‍ എന്ന് ഹെസ്സ മുഖ്യമന്ത്രി വോള്‍ക്കര്‍ ബോഫിയര്‍ പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ഷേഫറെ പോലെ പരിചയസമ്പന്നായ വ്യക്തിയുടെ ആവശ്യം രാജ്യത്തിന് വേണമായിരുന്നുവെന്നും ഷേഫറിന്റെ മരണം നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയതെന്നും ബോഫിയര്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ശനിയാഴ്ചയാണ് ഷേഫറെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷേഫറിന്റെ മരണം ഏവരിലും ഞെട്ടലുളവാക്കിയെന്നും എല്ലാവരും അതീവ ദുഃഖിതരാണെന്നും ബോഫിയര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ജര്‍മനിയുടെ സാമ്ബത്തിക ആസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ ഹെസ്സയിലാണ് രാജ്യത്തിലെ പ്രമുഖ സാമ്ബത്തിക ഇടപാടുസ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഫ്രാങ്ക്ഫര്‍ട്ടിലാണ്.