വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തു; നടന്‍ ആര്യയ്ക്ക് എതിരെ പരാതിയുമായി ജര്‍മന്‍ യുവതി

ചെന്നൈ: നടന്‍ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജര്‍മന്‍ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ പണം തട്ടിയെടുത്തു എന്നാണ് വിദ്ജ നവരത്നരാജ എന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനേയും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.

ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കള്‍ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കൊവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.

പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ആര്യ തന്നെ ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തില്‍ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ ആര്യയില്‍ നിന്നോ അടുത്ത വൃത്തങ്ങളില്‍ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News