KeralaNews

വൈറസിന് ജനിതക മാറ്റം?മഞ്ഞപ്പിത്ത ജാ​ഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: മഞ്ഞപ്പിത്ത ജാ​ഗ്രതയിൽ സംസ്ഥാനം. മലപ്പുറത്ത് രോ​ഗം ബാധിച്ച് അഞ്ച് മാസത്തിനിടെ എട്ട് പേർ മരിച്ചതിന് പിന്നാലെ ആരോ​ഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും ശക്തമാക്കി. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാൻ സാമ്പിളുകൾ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കിൽ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചാണിത്.

നിലമ്പൂർ, ചുങ്കത്തറ, പോത്തുകല്ല്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത മരണമുണ്ടായത്. ജനുവരി മുതൽ 1,032 മഞ്ഞപ്പിത്ത കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്‌തത്. സംശയാസ്പദമായ 3184 കേസുകളുമുണ്ടായി.

മരിച്ചവരിൽ കൂടുതലും മറ്റ് അസുഖങ്ങൾ കൂടി ഉള്ളവരായിരുന്നു. മറ്റ് അസുഖങ്ങളുള്ളവർ മഞ്ഞപ്പിത്തത്തിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 14 രോ​ഗികളാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിലമ്പൂർ ​ഗവ.ആശുപത്രിയിൽ മഞ്ഞപ്പിത്ത ബാധിതർക്കായി പ്രത്യേകം വാർഡ് തുറന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വേനൽമഴ പെയ്തതോടെ ജലാശയങ്ങളിൽ മലിനജലമൊഴുക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടാകുമെന്നതിനാൽ മുന്നൊരുക്ക പ്രവർത്തനവും നടത്തുന്നുണ്ട്. കരളിനെയാണ് മഞ്ഞപ്പിത്തം കൂടുതലായും ബാധിക്കുക. മുതിര്‍ന്നവരിലാണ് രോഗം പലപ്പോഴും ഗുരുതരമാകാറുള്ളതുകൊണ്ട് ഈ വിഭാഗക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. ഗുരുതരമാകുന്നതോടെ മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്.

വേണം മുന്‍കരുതല്‍

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക
  • കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക
  • ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക
  • കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക.
  • പൊതുസ്ഥലങ്ങളിൽ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളും ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം
  • ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക
  • മലവിസർജനത്തിനുശേഷം കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക
  • കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുക
  • വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ആഹാരസാധനങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക
  • പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
  • പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button