KeralaNews

’11 വര്‍ഷമായി ഇവിടെ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം, ആര്‍ക്കും പരാതിയില്ല, പരിഭവമില്ല’

ഇടുക്കി:സ്‌കൂളുകളില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന നടപടിയില്‍ പ്രതികരണവുമായി ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണെന്നും അതില്‍ ആര്‍ക്കും പരിഭവമില്ലെന്നും എം എം മണി പറഞ്ഞു. നാട്ടില്‍ എല്ലാവരും ഹാപ്പിയാണ്. സ്‌കൂള്‍ വന്നതുമുതല്‍ ഇവിടെ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം തന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്റെ മണ്ഡലത്തിലെ ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തി ഗ്രാം എന്ന ഗ്രാമം. അവിടെ സര്‍ക്കാര്‍ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 2010 ല്‍ നിലവില്‍ വന്നു.11 വര്‍ഷം കൊണ്ട് 1800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂള്‍ നിലവില്‍ വന്നത് മുതല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും ഹാപ്പി’, എംഎം മണി പറഞ്ഞു.

ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ പ്രതികരണവമായ എംഎം മണി രംഗത്തെത്തിയത്. വിഷയത്തില്‍ പ്രതിഷേധിച്ചര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു, യൂണിഫോം ധരിക്കുന്ന തങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്‌നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. പ്രതിഷേധം നടത്തുന്നവരുടെ കാഴ്ചപാടിന്റെ പ്രശ്‌നമാണിതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ പ്രതികരണം: ”ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ആദ്യ ദിവസമാണിന്ന്. സ്‌കൂളിന് പുറത്തു കുറെ പേര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്‌നം ഇവര്‍ക്കെന്തിനാണെന്നാണ് ചോദിക്കാനുള്ളത്. പുതിയ യൂണിഫോം കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല, ഗുണങ്ങളാണ് ഉള്ളത്. പ്രതിഷേധിക്കുന്നവരുടെ കാഴ്ചപാടാണ് പ്രശ്‌നം.” രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ഇല്ലാത്ത വിഷമമാണ് ചില വിദ്യാര്‍ഥി സംഘടനകള്‍ക്കെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.

എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ ബാലുശേരി സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നത്. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സമിതി രൂപീകരിച്ച ശേഷമായിരുന്നു പ്രതിഷേധം. അതേസമയം, പുതിയ യൂണിഫോം തങ്ങള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടബിളാണെന്നും ചുരിദാറൊക്കെ വച്ച് തോന്നുമ്പോള്‍ ഇത് വളരെ ഫ്‌ലക്‌സിബിളായി തോന്നുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

”ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്. വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വച്ച് തോന്നുമ്പോള്‍ ഫല്‍്‌സിബിളാണ്.” ”ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.” ”യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷര്‍ട്ടിന്റെ വലുപ്പം എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചത്. എല്‍കെജി തൊട്ട് വിവിധ തരം യൂണിഫോമുകള്‍ ഞങ്ങള്‍ ട്രൈ ചെയ്തതാണ്. ഇനിയിപ്പോള്‍ ആണ്‍കുട്ടികള്‍ ഇടുന്ന യൂണിഫോം കൂടി ട്രൈ ചെയ്ത് നോക്കട്ടെ.” എന്നുമായിരുന്നു ബാലുശ്ശേരിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button