ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പതിനൊന്നാം പ്രതിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുള്ള്യ സമ്പജെ സ്വദേശി മോഹൻ നായിക്കിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിന്റെ വിചാരണ അനന്തമായി നീളുന്നുവെന്ന് കാണിച്ചാണ് പ്രതി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. 2018 ജൂലൈ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചു.
കുറ്റപത്രത്തിൽ 523 സാക്ഷികൾ ഉള്ളതിൽ ആകെ 90 പേരെയാണ് കേസിൽ ഇതുവരെ വിസ്തരിച്ചത്. നേരത്തെ മോഹൻ നായിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇപ്പോൾ നൽകിയ ജാമ്യപേക്ഷ പരിഗണിക്കവേ, വിചാരണ നീളുന്നത് പ്രതിയുടെ കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇതുവരെ വിസ്തരിച്ച സാക്ഷികളാരും മോഹൻ നായിക്കിന് വധത്തിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.