ലോറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ചുവീണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരന്റെ കാലൊടിഞ്ഞു

പത്തനംതിട്ട: മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണ് ആറു വയസുകാരന്റെ കാലൊടിഞ്ഞു. അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് വീണ സിലിണ്ടറാണ് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേല്‍പ്പിച്ചത്. ഇളകൊള്ളൂര്‍ സ്വദേശി ബിജുകുമാറിന്റെ മകന്‍ രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് കോന്നി-പൂങ്കാവ് റോഡില്‍ ആനക്കടവിലായിരുന്നു സംഭവം. കോന്നിയില്‍ നിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയില്‍ നിന്നാണ് കാലി സിലിണ്ടര്‍ തെറിച്ചുവീണത്. വീടിന്റെ വരാന്തയില്‍ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്.

ലോറി നിര്‍ത്തി ഇറങ്ങിവന്ന ജോലിക്കാര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്‌തെന്ന് വീട്ടുകാര്‍ പറയുന്നു. അതുവഴി വന്ന കാറില്‍ കയറ്റി കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു ശസ്ത്രക്രിയ നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News