മലപ്പുറം: അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പൊലീസ് പിടിയിൽ. ആന്ധ്രയിൽ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. സമീപകാലത്തു മലപ്പുറത്തു പൊലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടയാണിത്.
ആന്ധ്രയിൽ നിന്നും കാറിലാണ് പ്രതികൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്. മൂന്ന് വലിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ട് വന്നത്. ഡിക്കിയിലും സീറ്റിന് ഇടയിലും തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മലപ്പുറം പൊലീസിന്റെ പരിശോധന. പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് പിടിയിലായത്. മലപ്പുറത്തും എറണാകുളത്തും വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. പ്രതികൾക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
മൂന്നാറില്‍ കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി എക്‌സസൈസ് സംഘം വീണ്ടും പിടികൂടിയിരുന്നു. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജിനെയാണ് 25 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം വീണ്ടും പിടികൂടിയത്. ഇറച്ചിപ്പാറയിലെ സര്‍ക്കാർ സ്‌കൂളിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് ജയരാജിനെ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദേവികുളം കോടതിയില്‍ നടന്ന അദാലത്തില്‍ 8000 രൂപ അടച്ച് കേസില്‍ നിന്നും ഒഴിവായിരുന്നു. കഴിഞ്ഞ ദിവസം സിഗ്നല്‍ പോയിന്റിന് സമീപത്ത് എക്‌സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് ജയരാജിനെ വീണ്ടും കഞ്ചാവുമായി പിടികൂടിയത്.
നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കരണ്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2016 ൽ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലാണ് എലി കരണ്ടതായി പ്രോസിക്യൂഷന്‍ വിശദമാക്കിയത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലീസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.