അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത് വേദനിപ്പിച്ചു;പ്രതികരണങ്ങൾ  വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ

പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബതർക്കങ്ങൾ നാടകീയമായ ഒത്തുതീർപ്പിലേക്ക്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളിൽനിന്ന് ബിന്ദു മേനോൻ പിൻവാങ്ങിയതോടെയാണ് ഗണേഷിന്‍റെ രാജിയിലേക്കുവരെ നീങ്ങിയ സംഭവങ്ങൾക്ക് ട്വിസ്റ്റ് ഉണ്ടായത്.

താൻ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ  വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും അവർ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും താൻ അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും വൈകാരികമായാണ് ബിന്ദു പ്രതികരിച്ചത്.

തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. കഴിഞ്ഞദിവസം ഗണേഷ് തന്റെ സഹോദരിയെ വിളിച്ചതായും പിന്നീട് തന്നോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞതായും ബിന്ദു അറിയിച്ചു. താൻ കാത്തിരുന്നത് ആ ഒരു ഫോൺ കോളിനാണെന്നും അദ്ദേഹം വൈകാരികമായാണ് സംസാരിച്ചതെന്നും ബിന്ദു വെളിപ്പെടുത്തി.

മുമ്പും തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താൻ ഒരിക്കലും മാധ്യമങ്ങൾക്കിടയിൽ വന്ന് സംസാരിച്ചിട്ടില്ലെന്ന് ബിന്ദു ഓർമ്മിപ്പിച്ചു. ഇന്നലെ ഉണ്ടായത് വികാര പ്രകടനം മാത്രമായിരുന്നു. ചെയ്തത് ശരിയായില്ലെന്ന് സുഹൃത്തുക്കളടക്കം പറഞ്ഞു. ഗണേഷിനെതിരെ പരാതി നൽകില്ലെന്നും പ്രതികാര നടപടികളൊന്നുമുണ്ടാകില്ലെന്നും പറഞ്ഞ ബിന്ദു മേനോൻ, കൂടെ ജീവിക്കേണ്ടത് താനായതുകൊണ്ട് മന്ത്രി പൊതുജനങ്ങളോട് മാപ്പുചോദിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ ഉണ്ടാകരുതെന്നും അവർ അഭ്യർത്ഥിച്ചു.

വിവാദങ്ങളുടെ തുടക്കത്തിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളായിരുന്നു ബിന്ദു മേനോൻ നടത്തിയത്. വളരെ മോശമായ ഒരു സാഹചര്യം താൻ നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നുമാണ് അവർ ആരോപിച്ചിരുന്നത്. താൻ കണ്ട കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ മന്ത്രിയുടെ നിർദ്ദേശാനുസരണം ഡ്രൈവറായ ശാന്തനും സ്റ്റാഫംഗമായ പ്രദീപുമാണ് തന്നെ തടഞ്ഞുവെച്ചത്. അവർ മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും അവർ വെളിപ്പെടുത്തിയിരുന്നു. കണ്ട രംഗത്തിന്റെ ഫോട്ടോ എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതായും അവർ പറഞ്ഞിരുന്നു.

സഹായത്തിനായി പോലീസിനെ 112 എന്ന നമ്പറിൽ വിളിച്ചെങ്കിലും താൻ പെട്ടി പാക്ക് ചെയ്തു വരുമ്പോഴേക്കും അവർ പോയി. മന്ത്രിയുടെ വീട്ടിലേക്ക് വരാൻ ടാക്സിക്കാർ പോലും ഭയപ്പെട്ടുവെന്നും ബിന്ദു പറഞ്ഞു. ഒടുവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പാലക്കാട്ടെ വീട്ടിലെത്തിയത്. സഹായത്തിനായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും തന്റെ സഹോദരന്റെ ഭാര്യ കൂടിയായ ആർ. ശ്രീലേഖയെയും വിളിച്ചിരുന്നതായും അവർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News