ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണി; മോർഫ് ചെയ്ത ചിത്രങ്ങൾ,21-കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിൽ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

ഈ മാസം ആറിന് വീടിനുള്ളിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ലോൺ ആപ്പിൽനിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു. പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ആനന്ദിന്റെ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. യുവാക്കളുടെ ജീവനെടുക്കുന്ന ഇത്തരം ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബർ ക്രിമിനലുകൾ ആനന്ദിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കി ഓരോരുത്തർക്കും അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ അയക്കുകയായിരുന്നു. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മൾ നൽകുന്ന അനുമതികൾ അവർ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനൊപ്പം മാനസികമായി തകർക്കുന്ന തന്ത്രങ്ങളാണ് ഈ മാഫിയകൾ പയറ്റുന്നത്. ആനന്ദിനെപ്പോലെയുള്ള യുവാക്കൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവൽക്കരണം അനിവാര്യമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary

A 21-year-old youth named Anand (Sachu) from Aryanad committed suicide after being harassed by an online loan app mafia. Following a delay in loan repayment, the group sent morphed images of Anand to his relatives and friends, causing him severe mental distress. On the 6th of this month, he attempted suicide by consuming acid and was rushed to the Thiruvananthapuram Medical College Hospital. Despite intensive treatment, he passed away on Monday morning. The police have launched an investigation into the cyber fraud and harassment behind the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News