പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു.
ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷിന്റെ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്‍റെ രാജി ചോദിച്ച് വാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടാക്കുംവിധത്തിൽ മന്ത്രിയുടെ ക്ഷമാപണം ഉണ്ടായത്.
ഗണേഷ് കുമാറിനെതിരേ അതിഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ നേരത്തെ ഉന്നയിച്ചിരുന്നത്. വളരെ മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നുമാണ് അവർ ആദ്യം വെളിപ്പെടുത്തിയത്. താൻ കണ്ട കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശാനുസരണം ഡ്രൈവറായ ശാന്തനും സ്റ്റാഫംഗമായ പ്രദീപുമാണ് തന്നെ തടഞ്ഞുവെച്ചതെന്നും, കണ്ട രംഗത്തിന്റെ ഫോട്ടോ എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതായും അവർ വെളിപ്പെടുത്തിയിരുന്നു.
സഹായത്തിനായി പോലീസിനെ 112 എന്ന നമ്പറിൽ വിളിച്ചെങ്കിലും താൻ ഉള്ളിൽ പോയി പെട്ടി പാക്ക് ചെയ്തു വരുമ്പോഴേക്കും അവർ അവിടെ നിന്നും പോയെന്നും ബിന്ദു പരാതിപ്പെട്ടിരുന്നു. മന്ത്രിയുടെ വീട്ടിലേക്ക് വരാൻ ടാക്സിക്കാർ പോലും ഭയപ്പെട്ടുവെന്നും ഒടുവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് താൻ പാലക്കാട്ടെ വീട്ടിലെത്തിയതെന്നും അവർ പറഞ്ഞു.
അദ്ദേഹം ഒരു മന്ത്രിയായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പുറത്തുപറയാതെ രണ്ട് ദിവസം താൻ മിണ്ടാതിരുന്നുവെന്നും, എന്നാൽ തനിക്ക് ‘വട്ടാണെന്ന്’ അദ്ദേഹം പ്രചരിപ്പിച്ചതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും ബിന്ദു മേനോൻ പറഞ്ഞിരുന്നു. മന്ത്രിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും പത്തനാപുരത്ത് പല സ്ത്രീകളും വരുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവർ ആരോപിച്ചിരുന്നു.
സഹായത്തിനായി താൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും തന്റെ സഹോദരന്റെ ഭാര്യ കൂടിയായ ആർ. ശ്രീലേഖയെയും വിളിച്ചിരുന്നതായും അവർ പറഞ്ഞിരുന്നു. എന്നാൽ, വിഷയത്തിൽ നിയമപരമായ നടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
A turning point has emerged in the controversies surrounding Kerala Minister K.B. Ganesh Kumar. His wife, Bindu Menon, stated that the Minister has apologized following recent frictions. She clarified that her previous reactions were emotional and expressed that she is no longer interested in pursuing further controversies regarding the matter.


