ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്.
സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിച്ചു. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടര്‍ന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
ഗ്യാനേഷ് കുമാര്‍ കേരള കേഡറിലേയും സുഖ്ബിര്‍ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്.
വിരമിച്ച കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെക്കും രാജിവെച്ച കമ്മിഷണര്‍ അരുണ്‍ ഗോയലിനും പകരമാണ് രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തത്.അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.