മലപ്പുറം: വണ്ടൂര്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നുവീണ സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.
കാളികാവ് വണ്ടൂര്‍ റോഡില്‍ സജ്ജമാക്കിയ പൂങ്ങോട് ഫുട്‌ബോള്‍ സ്റ്റേഡിയമാണ് തകര്‍ന്നു വീണത്. പരിക്കേറ്റവരെ നിലമ്പൂരിലെയും വണ്ടൂരിലെയും ആശു പത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രി സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്റ്റേഡിയം തകര്‍ന്നു വീണത്.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ താത്കാലികമാ യുണ്ടാക്കിയ സ്റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു. കമുകും മുളയും കൊണ്ടു നിര്‍മിച്ചതായിരുന്നു സ്റ്റേഡിയം. മഴയില്‍ കുതിര്‍ന്നതും ആയിരത്തിലധികം പേര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതുമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
റോഡിന്റെ ഭാഗത്തുള്ള ഗാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കു തന്നെ മറിഞ്ഞതിനാല്‍ വന്‍ദുരന്തമൊഴിവായി. പിറകിലേക്കു മറിഞ്ഞിരു ന്നെങ്കില്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ വലിയ താഴ്ചയുള്ള സ്ഥലമായതിനാല്‍ വന്‍ ദുരന്തത്തിനിടയാക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.