ഒരു വർഷത്തിനുശേഷം ചൈനയിൽ കോവിഡ് മരണം; ഹോങ്കോങ്ങിലും കോവിഡ് പടരുന്നു
ബെയ്ജിങ് • കോവിഡിന്റെ ഉറവിടമായിരുന്ന ചൈനയിൽ ഒരു വർഷത്തിനുശേഷം വീണ്ടും ഈ വൈറസ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിലാണ് 2 പേർ മരിച്ചത്. 2021 ജനുവരിക്കു ശേഷം ആദ്യമായാണു കോവിഡ് മൂലം രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കോവിഡ് മൂലം ചൈനയിലുണ്ടായ ആകെ മരണം 4,638 ആയി. ഈമാസം ഇതുവരെ രാജ്യത്ത് 29,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരിച്ചവർ പ്രായം ചെന്നവരാണെന്നും ഒരാൾ വാക്സീൻ എടുത്തിരുന്നില്ലെന്നും ദേശീയ ആരോഗ്യ കമ്മിഷൻ വക്താവ് പറഞ്ഞു. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 2,157 കേസുകളിൽ ഏറെയും ജിലിൻ മേഖലയിൽനിന്നാണ്. യാത്രാവിലക്കുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണിത്. വടക്കൻ കൊറിയയും റഷ്യയുമായി അതിരു പങ്കിടുന്ന ജിലിൻ മേഖലയിൽ 2.4 കോടി ജനങ്ങൾ പാർക്കുന്നു.
2019ൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം കർശനനിയന്ത്രണങ്ങൾ രാജ്യത്തുടനീളം നടപ്പാക്കിയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറയാൻ കാരണവും ഇതുതന്നെ. എന്നാൽ നിയന്ത്രണങ്ങൾ അയഞ്ഞതോടെ രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്.
ഹോങ്കോങ്ങിലും കോവിഡ് പടരുകയാണ്. ശനിയാഴ്ച മാത്രം 16,583 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് കേസുകൾ 10 ലക്ഷം കവിഞ്ഞു.
മറ്റു രാജ്യങ്ങളിലെ നില:
ദക്ഷിണകൊറിയ: പ്രതിദിന കേസുകൾ 3.8 ലക്ഷം കവിഞ്ഞു. മരണം 319.
ജപ്പാൻ: പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്.
ഓസ്ട്രേലിയ: പ്രതിദിന കേസുകൾ 46,500.
കാനഡ: കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും മാസ്ക് തുടർന്നും ധരിക്കാൻ നിർദേശം. വിദേശ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 1 മുതൽ അവസാനിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.