ന്യൂഡല്‍ഹി: ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ കേന്ദ്രം ആര് ഭരിക്കുമെന്ന ചോദ്യം ഉയരുകയാണ്. ബിജെപി തുടരുമോ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം വരുമോ… രസകരമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കാനുള്ള സാധ്യത തള്ളാനാകില്ല. പാര്‍ട്ടികളെയും എംപിമാരെയും ചാക്കിടല്‍ തന്ത്രം പയറ്റാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.
തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രാദേശിക കക്ഷികളെ ചേര്‍ത്ത് നിര്‍ത്തി ഭരിക്കാന്‍ മോദിക്ക് സാധിക്കില്ല എന്ന അഭിപ്രായം ഉയരുന്നുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന ബിജെപി നേതാവ് നിതിന്‍ ഗഡ്കരി പകരം പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യവും ബാക്കിയാണ്. ആന്ധ്ര പ്രദേശിലെ ടിഡിപി, ബിഹാറിലെ ജെഡിയു എന്നിവരാണ് കിങ് മേക്കര്‍മാര്‍ എന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ഡല്‍ഹിയില്‍ നടക്കാന്‍ സാധ്യതയുള്ള ചില നീക്കങ്ങള്‍ പറയാം.
ജെഡിയു, ടിഡിപി, എന്‍ഡിഎയിലെ മറ്റു കക്ഷികള്‍ എന്നിവര്‍ ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കിയാല്‍ യാതൊരു കുഴപ്പവുമില്ലാതെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തും. സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ട് ജെഡിയുവും ടിഡിപിയും രംഗത്തുവന്നാല്‍ സാഹചര്യത്തില്‍ മാറ്റം വരും. ഇനി ഈ പാര്‍ട്ടികള്‍ പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാകും.
പുറത്ത് നിന്നുള്ള പിന്തുണ എപ്പോഴും ബിജെപിക്ക് തലവേദന സൃഷ്ടിക്കും. ജെഡിയുവും ടിഡിപിയും ഉപപ്രധാനമന്ത്രി പദം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഉപാധിയോടെയുള്ള പിന്തുണയാകുമിത്. സുഗമമായ സര്‍ക്കാര്‍ രൂപീകരണം നടക്കില്ലെങ്കില്‍ നരേന്ദ്ര മോദി രാജിവച്ച് മറ്റൊരു നേതാവിന് വേണ്ടി വഴിമാറികൊടുക്കുന്ന സാഹചര്യവും വന്നേക്കാം. ഈ വേളയിലാണ് ഗഡ്കരിയുടെ പേര് തെളിയുക.
ഒരു രക്ഷയുമില്ലെങ്കില്‍ ജെഡിയുവിനോ ടിഡിപിക്കോ പ്രധാനമന്ത്രിപദം കൈമാറി, ബിജെപി പ്രധാന വകുപ്പുകള്‍ ഏറ്റെടുത്ത് സര്‍ക്കാരുണ്ടാക്കാനും സാധ്യതയുണ്ട്. ബിഹാറില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാറിന് അവസരം നല്‍കിയ ചരിത്രം മുന്നിലുണ്ട്. ഈ സാധ്യതകളെല്ലാം എന്‍ഡിഎയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇന്ത്യ സഖ്യത്തില്‍ മറ്റുചില കാര്യങ്ങള്‍ സംഭവിച്ചേക്കാം.
ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ബുധനാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. പ്രതിപക്ഷത്തിരിക്കാന്‍ സഖ്യം തീരുമാനിച്ചേക്കാം. അല്ലെങ്കില്‍ ടിഡിപി, ജെഡിയു എന്നീ പാര്‍ട്ടികളെ കൂടെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കിയേക്കാം. ഇരുപാര്‍ട്ടികളും നേരത്തെ പ്രതിപക്ഷ ചേരിക്കൊപ്പമായിരുന്നു എന്നതും ഓര്‍ക്കണം. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്ത പോലെ പ്രധാനമന്ത്രി പദത്തിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവോ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറോ പ്രധാനമന്ത്രിയാകും. നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്ന് മമത ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷിന് ഉപപ്രധാനമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നാളെ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ ജെഡിയു, ടിഡിപി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുതിയ വിവരം.