‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല, ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശൻ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് അനുമതിതേടി രണ്ടുതവണ എൻഎസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ നിവേദനത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയിൽ ഇന്ന് ചേർന്ന എൻഎസ്എസ് വാർഷിക ബജറ്റ്് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനമുന്നയിച്ചത്.

തിരഞ്ഞെടുപ്പിന് മുൻപുതന്നെ വി.ഡി സതീശനും സുകുമാരൻ നായരും തമ്മിലുള്ള വാക്‌പോര് ആരംഭിച്ചിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകേണ്ടതില്ലെന്ന വി.ഡി സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. വി.ഡി സതീശൻ പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണനിരങ്ങിയ ആളാണ് വി.ഡി സതീശൻ എന്ന് സുകുമാരൻ നായർ മറുപടി നൽകുകയും ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News