അമ്പലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത വിഫലമാകാനാണ് സാധ്യതയെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും യു.ഡി.എഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന ‘പൊളിറ്റിക്കൽ ബിസിനസ്’ കാരണമാണ് മൂന്നാമൂഴം പ്രയാസകരമാകുമെന്ന് താൻ പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സി.പി.ഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യമായ പ്രസ്താവനകൾ നടത്തിയെന്നും സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണ വലിയ അനുകൂല തരംഗമുണ്ടായിട്ടും പ്രസാദിന്റെ ഭൂരിപക്ഷം 6000 വോട്ടായി കുറഞ്ഞതായും സുധാകരൻ കൂട്ടിച്ചേർത്തു. താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നതെന്നും തന്നെ സഹായിക്കാൻ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫ് പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, കോൺഗ്രസ് നേതാക്കൾ തന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചതായും അവർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്തുകൾ വേണ്ടെന്ന് താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും തനിക്ക് വേണ്ടി പ്രത്യേക തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൺവെൻഷനുകളോ നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.
Veteran CPM leader and former minister G. Sudhakaran stated that the possibility of the LDF government returning for a third consecutive term in Kerala is unlikely. While expressing that he would personally be happy to see Pinarayi Vijayan as CM again, he cited the rise of “political business” within the party as a major hurdle. Sudhakaran noted that a significant political shift is brewing and credited the UDF for running a strong campaign. His critical remarks have created a stir within the left front ahead of the upcoming elections.


