പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി. സുധാകരന്‍ എത്തിയില്ല; പുന്നപ്രയിലിറങ്ങിയിട്ടും പിണറായി കണ്ടതുമില്ല; പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ എഫ്ബി ലൈവ് ലിങ്ക് നീക്കി

ആലപ്പുഴ: കുട്ടനാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാറിനിന്നതെങ്കിലും, പാര്‍ട്ടി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം (Live Streaming) ജി. സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് ആദ്യം വലിയ വാര്‍ത്തയായിരുന്നു.

സി.പി.എമ്മും സുധാകരനും തമ്മിലുള്ള മഞ്ഞുരുകലിന്റെ ലക്ഷണമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ ലിങ്ക് പേജില്‍ നിന്ന് നീക്കം ചെയ്തു. തന്റെ അനുമതിയില്ലാതെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള അഡ്മിന്‍ ആണ് ലൈവ് നല്‍കിയതെന്നും അതുകൊണ്ടാണ് അത് നീക്കം ചെയ്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തില്‍ ജി. സുധാകരന്‍ പങ്കെടുക്കുമോ, സി.പി.എമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. മഎന്നാല്‍ ലൈവ് സംപ്രേഷണം അടക്കം പിന്‍വലിച്ചത് അതൃപ്തി മാറാത്തതിനെ തുടര്‍ന്നാണെന്നാണ് ആരോപണം.

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ജി. സുധാകരനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുമോ എന്നതായിരുന്നു ഇന്നത്തെ പ്രധാന ആകാംക്ഷ. എന്നാല്‍ പുന്നപ്രയില്‍ ഹെലികോപ്റ്ററിറങ്ങിയ മുഖ്യമന്ത്രി, എ.സി റോഡ് ഉദ്ഘാടനത്തിന് ശേഷം നേരെ പെരുമ്പളം പാലത്തിന്റെ ചടങ്ങിലേക്കാണ് പോയത്. ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് സുധാകരന്‍ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് വിളിക്കുകയും നോട്ടീസിലും ഫ്‌ലക്‌സുകളിലും ചിത്രവും പേരും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടും സുധാകരന്‍ ചടങ്ങിനെത്തിയില്ല. കാലിന് പരിക്കേറ്റതിനാല്‍ വിശ്രമത്തിലാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ അദ്ദേഹം നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. സി.പി.എം അംഗത്വം പുതുക്കാനുള്ള കാലാവധി ഈ മാസം 31-ന് അവസാനിക്കും. അതിനുള്ളില്‍ സുധാകരനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദശാബ്ദങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ പാര്‍ട്ടി ബന്ധത്തിന് ഔദ്യോഗികമായി വിരാമമാകും.

Veteran CPM leader G. Sudhakaran’s absence from the inauguration of the Perumbalam Bridge in Kuttanad has sparked political debate. Although Sudhakaran cited health issues for his absence, rumors suggest deep-seated dissatisfaction with the party leadership. Adding to the intrigue, a live stream of the ceremony briefly appeared on his official Facebook page before being withdrawn, further fueling speculation about his current relationship with the party.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News