‘വെള്ളമടിക്കാൻ വരാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ലെന്ന്‌ ജി. സുധാകരന്‍; ‘അവിടെ പോയത് മണ്ണ് വാരി കൊണ്ട് പോകാനല്ല, എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട’, ഇതു യുഡിഎഫാണെന്ന് തിരിച്ചടിച്ച് റെജി ചെറിയാന്‍; തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശനത്തില്‍ പോരടിച്ച് ഭരണകക്ഷി എംഎല്‍എമാര്‍

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി സ്പില്‍വേയിലും പൊഴിയിലും തന്നോട് ആലോചിക്കാതെ കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി ആലപ്പുഴയിലെ ജനപ്രതിനിധികള്‍ തമ്മില്‍ കടുത്ത രാഷ്ട്രീയ വാക്‌പോര്. അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ കുട്ടനാട് എംഎല്‍എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍, ശക്തമായ ഭാഷയിലാണ് റെജി ചെറിയാന്‍ ഇതിന് മറുപടി നല്‍കിയത്. ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയ്ക്ക് മുകളില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് വ്യക്തിപരമായ കടന്നുകയറ്റമാണെന്നും മുന്‍ മന്ത്രി കൂടിയായ ജി. സുധാകരന്‍ കുറ്റപ്പെടുത്തി. ഒരാഴ്ച മുന്‍പാണ് ജി. സുധാകരനെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ചത്.

റെജി ചെറിയാന് പണത്തിന്റെ പേരിലുള്ള അഹങ്കാരമാണെന്നും, പ്രിവിലേജ് (എത്തിക്‌സ്) കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ അദ്ദേഹത്തിന്റെ സ്ഥാനം വരെ നഷ്ടമാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള വലിയ സ്ഥാപനത്തില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും വെള്ളമടിക്കാന്‍ പോകുന്നുണ്ടാകാമെന്നും, താന്‍ അവിടെ പോകാത്തതുകൊണ്ട് തന്നോട് സ്‌നേഹമുണ്ടാകില്ലെന്നും സുധാകരന്‍ പരിഹസിച്ചു. ഒരു രാഷ്ട്രീയവുമില്ലാതെ നാലോ അഞ്ചോ പാര്‍ട്ടി മാറി ആദ്യമായി എംഎല്‍എ ആയ ആളാണ് തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സന്ദര്‍ശിച്ചത്.

ജലസേചന വകുപ്പ് മന്ത്രിയുടെ ആളായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. സ്പില്‍വേയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ ഈ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്ന് ചോദിച്ച സുധാകരന്‍, കരിമണല്‍ കള്ളക്കടത്തുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും ആരോപിച്ചു. കരിമണല്‍ കയറ്റിയ ചില ലോറികള്‍ അടൂരിലേക്ക് പോകുന്നുണ്ടെന്നും ഒരു കളക്ടര്‍മാരും ഇത് മര്യാദയ്ക്ക് നോക്കിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും. റെജി ചെറിയാന്‍ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാന്‍ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാര്‍ട്ടി മാറി ഇപ്പോള്‍ എംഎല്‍എ ആയ ആള്‍ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദര്‍ശിച്ചത്.

അതും ആദ്യമായി എംഎല്‍എ ആകുന്നയാള്‍. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പില്‍വേയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍, ജി. സുധാകരന്‍ ഇപ്പോഴും സിപീഎമ്മില്‍ ആണെന്നാണ് ധരിച്ചിരിക്കുന്നതെന്ന് റെജി ചെറിയാന്‍ തിരിച്ചടിച്ചു. താന്‍ തോട്ടപ്പള്ളിയില്‍ പോയത് മണ്ണുവാരി കൊണ്ടുപോകാനല്ല.

ജി. സുധാകരന്‍ മന്ത്രിയായിരുന്ന കാലത്തും അവിടുന്ന് കരിമണല്‍ കൊണ്ടുപോയിരുന്നുവെന്നും ആ സമയത്തൊന്നും സമയബന്ധിതമായി പൊഴി മുറിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അക്കാലത്ത് കുട്ടനാട്ടിലെ പാവങ്ങളുടെ വീട്ടില്‍ വെള്ളം കയറിക്കഴിയുമ്പോള്‍ രാത്രിക്ക് രാത്രി എമര്‍ജന്‍സി കോണ്‍ട്രാക്ട് കൊടുത്ത് കോടികള്‍ മുടക്കിയാണ് അവിടുന്ന് മണ്ണ് മാറ്റിയിരുന്നത്. അത് അടൂരിലേക്കാണോ മറ്റെവിടെയെങ്കിലുമാണോ എന്ന് അന്ന് ഭരിച്ചവര്‍ക്കാണ് അറിയാനാകുകയെന്നും റെജി ചെറിയാന്‍ കുറ്റപ്പെടുത്തി.

അടുത്ത അഞ്ചാറു ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തില്‍ കുട്ടനാട്ടെ എംഎല്‍എ എന്ന നിലയില്‍ തോട്ടപ്പള്ളി പൊഴി മുറിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ആലപ്പുഴ ജില്ലയിലെ ഏത് എഞ്ചിനീയറെ വിളിക്കാനും തനിക്ക് അവകാശമുണ്ട്. അതനുസരിച്ച് വിളിച്ച് വേണ്ട നടപടികള്‍ ആരാഞ്ഞു. അടുത്ത ദിവസം അമ്പലപ്പുഴ എംഎല്‍എ അടക്കം എല്ലാവരുടെയും യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നു.

അതല്ലാതെ ഒരു നിയമവും ലംഘിച്ചിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിക്കണ്ട് ചെയ്താല്‍ കൊള്ളാം. തങ്ങളുടേത് യുഡിഎഫാണെന്നും ജനാധിപത്യ പാര്‍ട്ടിയാണെന്നും വ്യക്തമാക്കിയ റെജി ചെറിയാന്‍, ഇവിടെ ആരുടെയും രാജാവാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അതിന് തങ്ങളെ കിട്ടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചു പറയുമെന്നും കുട്ടനാട് എംഎല്‍എ വ്യക്തമാക്കി.

A fierce political dispute erupted between Ambalappuzha MLA G. Sudhakaran and Kuttanad MLA Reji Cheriyan over the latter’s unannounced visit to Thottappally Spillway. Sudhakaran accused Cheriyan of overstepping boundaries and flexing “wealth-driven arrogance.” He threatened to move the Legislative Assembly’s Privilege Committee, noting that Cheriyan owns a major establishment where other political leaders frequently visit for drinks. Sudhakaran also suspected links to black sand smuggling and questioned Cheriyan’s political loyalty. Responding strongly, UDF MLA Reji Cheriyan countered that he visited the spillway solely to monitor flood preparedness for Kuttanad ahead of heavy rains. He mocked Sudhakaran’s past tenure as a minister when black sand was actively moved under emergency contracts and warned that no one should try to act like a “king” in the district.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News